പിതാവ് ആത്മഹത്യ ചെയ്തു, മാതാവിനെ സ്വന്തമാക്കാൻ സിദ്ധൻ കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ചു


കുമരകം: അമ്മയെ സ്വന്തമാക്കാന്‍ കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച മന്ത്രവാദിയായ നാട്ടുവൈദ്യന്‍ അറസ്റ്റില്‍. എരുമേലി കനകപ്പാലം ഐഷാ മന്‍സിലില്‍ അംജത്ഷാ ആണ് കേസില്‍ അറസ്റ്റിലായത്. ഒന്‍പത് വയസുള്ള ആണ്‍കുട്ടിയെയും സഹോദരനെയും മര്‍ദ്ദിച്ചവശരാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. ഒരു വര്‍ഷമായി കുട്ടികളുടെ വീട്ടുകാരുമായി അടുപ്പം പുലര്‍ത്തിയിരുന്ന പ്രതി നിരന്തരം വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കുട്ടികളുടെ പിതാവ് ഇതിനിടയില്‍ ആത്മഹത്യ ചെയ്തിരുന്നു.

തുടർന്ന്, ആക്രമിക്കപ്പെട്ട കുട്ടികളുടെ അമ്മയെ സ്വന്തമാക്കാനായി ഇയാള്‍ രണ്ട് കുട്ടികളെയും മര്‍ദ്ദിക്കുകയും തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഇയാള്‍ സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ആക്രമണത്തിന് ഇരയായ കുട്ടി നല്‍കിയ പരാതിയിലാണ് കുമരകം പൊലീസ് പ്രതിക്കെതിരെ കേസെടുത്തത്.

ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കാഞ്ഞിരപ്പള്ളിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്ത് ഇയാള്‍ കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും മന്ത്രവാദ ചികിത്സ നടത്തിയിരുന്നതായി പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുക്കുമ്പോള്‍ പ്രതിയുടെ പക്കല്‍ നിന്ന് നിരവധി മന്ത്രവാദ തകിടുകള്‍ കണ്ടെടുത്തതായി പൊലീസ് പറയുന്നു. കുട്ടികളുടെ പിതാവിന്റെ ആത്മഹത്യയെ കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.