മകരവിളക്കിന് 800 ബസുകള്‍ സര്‍വീസ് നടത്തും, ഗതാഗത മന്ത്രി ഗണേഷ് കുമാര്‍


പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തിന് 800 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ്ആര്‍ടിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും വിവരം പങ്കുവച്ചിട്ടുണ്ട്. ബസിന്റെ ഉള്ളിലേക്ക് കയറുന്നതിനുമായി നാലു ബാരിക്കേഡുകള്‍ സ്ഥാപിക്കും. പമ്പയിലും ഇതേ മാതൃകയില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

പമ്പയില്‍ നിന്നും ആരംഭിക്കുന്ന ദീര്‍ഘദൂര ബസുകളില്‍ ആളുകള്‍ നിറഞ്ഞു കഴിഞ്ഞാല്‍ അവ നിലയ്ക്കല്‍ ബസ് സ്റ്റാന്റില്‍ കയറേണ്ടതില്ല. ബസില്‍ ആളു നിറഞ്ഞിട്ടില്ലെങ്കില്‍ ബസുകള്‍ നിര്‍ബന്ധമായും നിലയ്ക്കലില്‍ കയറണം. നിലയ്ക്കലിലേക്ക് പോകുന്ന ഭക്തജനങ്ങള്‍ പരമാവധി ചെയിന്‍ സര്‍വീസുകള്‍ ഉപയോഗപ്പെടുത്തണം. ഇവ ജനങ്ങളിലെത്തിക്കുന്നതിന് വിവിധ ഭാഷകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും.

അനൗണ്‍സ്‌മെന്റ് സൗകര്യവും ഒരുക്കും. ദേവസ്വം ബോര്‍ഡ് നിലയ്ക്കലിലെ റോഡുകളിലെ കുഴികള്‍ അടിയന്തിരമായി അടയ്ക്കണം. എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും എത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ തിരക്കുകളില്‍ പിടിച്ചിടരുത്. ബസ് വന്നെങ്കില്‍ മാത്രമേ തിരക്കു നിയന്ത്രിക്കാനാവൂ, മന്ത്രി പറഞ്ഞു.