ചെന്നൈ: വിദ്യാഭ്യാസ വായ്പ തട്ടിപ്പിൽ കുരുങ്ങിയ ഇൻഷുറൻസ് കമ്പനി മാനേജർക്ക് നഷ്ടമായത് ലക്ഷങ്ങൾ. കാഞ്ചീപുരത്ത് ജനറൽ ഇൻഷുറൻസ് കമ്പനി ഡെപ്യൂട്ടി മാനേജറായി ജോലി ചെയ്യുന്ന ഡൽഹി സ്വദേശിനി പ്രതിക്ഷ്ഠ ഗാർഗ് എന്ന യുവതിയാണ് തട്ടിപ്പിന് ഇരയായത്. വിദ്യാഭ്യാസ വായ്പയുടെ പേരിൽ യുവതിയിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി 39 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്.
വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനായി യുവതി, സുലേഖ ഡോട്ട് കോം എന്ന വെബ്സൈറ്റിൽ വ്യക്തിഗത വിവരങ്ങൾ നൽകിയിരുന്നു. തുടർന്ന് നകുൽ എന്ന പേരിൽ ഒരു വായ്പ ബ്രോക്കർ യുവതിയെ വിളിക്കുകയും, ആർഎസ് എന്ന കമ്പനിയിൽ നിന്നും ലോൺ അനുവദിച്ചതായി അറിയിക്കുകയുമായിരുന്നു. യുവതിയിൽ നിന്ന് വിശ്വാസം നേടിയെടുക്കാൻ വ്യാജ രേഖകളും മറ്റും തട്ടിപ്പ് സംഘം കൈമാറി. തുടർന്ന്, അപേക്ഷ ഫീസ്, വെരിഫിക്കേഷൻ ഫീസ്, അപ്രൂവൽ ഫീസ്, അഡ്വാൻസ് ഇഎംഐ തുടങ്ങിയ ഇനങ്ങളിലായി യുവതിയിൽ നിന്ന് പണം ആവശ്യപ്പെടുകയായിരുന്നു.
വായ്പ ലഭിക്കുമെന്ന വിശ്വാസത്തിൽ തട്ടിപ്പുകാരുടെ നിർദ്ദേശാനുസരണം ഘട്ടം ഘട്ടമായാണ് പണം നൽകിയത്. സംശയം തോന്നിയതോടെ പണം തിരിച്ച്
നൽകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, പണം ഒന്നും തിരിച്ച്
നൽകാൻ കഴിയില്ലെന്നാണ് തട്ടിപ്പുകാർ മറുപടി നൽകിയത്. ഇതോടെ, യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.