ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിൽ വീണ്ടും പിരിച്ചുവിടൽ ഭീതി. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് ഫ്ലിപ്കാർട്ടിന്റെ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം, മൊത്തം ജീവനക്കാരിൽ നിന്നും 5 ശതമാനം മുതൽ 7 ശതമാനം വരെ ജീവനക്കാരെയാണ് പിരിച്ചുവിടുക. ഈ വർഷം മാർച്ച്-ഏപ്രിൽ മാസത്തോടെ പിരിച്ചുവിടൽ നടപടികൾ പൂർത്തിയാക്കുന്ന തരത്തിലാണ് ക്രമീകരണം.
അടുത്തിടെ കമ്പനിയുടെ വാർഷിക അവലോകന റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്. ജീവനക്കാരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ നടത്തുക. നിലവിൽ, കമ്പനിയിൽ 22000 പേരാണ് ജോലി ചെയ്യുന്നത്. ഇതിനുമുൻപും ഫ്ലിപ്കാർട്ട് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കൂടാതെ, കഴിഞ്ഞ വർഷം വിവിധ പോസ്റ്റുകളിലേക്കുള്ള നിയമനങ്ങളും കമ്പനി മരവിപ്പിച്ചിട്ടുണ്ട്.
ഫ്ലിപ്കാർട്ടിനെ ലാഭത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി പുനസംഘടന ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ ആവിഷ്കരിച്ചേക്കുമെന്നാണ് സൂചന. 2023 സാമ്പത്തിക വർഷത്തിൽ 14,845 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. കൂടാതെ, 4026 കോടി രൂപയുടെ നഷ്ടവും രേഖപ്പെടുത്തിയിട്ടുണ്ട്.