കേരളത്തിലെ ഉപഭോക്താക്കൾക്കിടയിൽ വീണ്ടും തരംഗമായി പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒക്ടോബർ വരെ ജിയോ വരിക്കാരുടെ എണ്ണത്തിൽ 9.22 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിൽ മാത്രം 1.09 ലക്ഷം പുതിയ വരിക്കാരെ നേടാൻ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷക്കാലയളവിനുള്ളിൽ വരിക്കാരുടെ എണ്ണത്തിൽ 9 ലക്ഷം പേരുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം, കേരളത്തിലെ മൊത്തം കണക്കുകൾ പരിഗണിക്കുമ്പോൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി.
ജിയോ അതിവേഗം മുന്നേറിയപ്പോൾ, കേരളത്തിൽ ഏറ്റവും കൂടുതൽ കിതച്ചത് വോഡഫോൺ-ഐഡിയയാണ്. വിഐയുടെ വരിക്കാരുടെ എണ്ണം 7.07 ശതമാനമാണ് കുറഞ്ഞത്. അതായത്, ഏകദേശം 10 ലക്ഷത്തിലധികം പേരുടെ കുറവ്. പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ വയർലെസ് ഉപഭോക്താക്കളുടെ എണ്ണത്തിലും 4.41 ശതമാനം കുറവുണ്ടായി. അതേസമയം, വയർലൈൻ വിഭാഗത്തിൽ മൊത്തം വരിക്കാരുടെ എണ്ണം 4.97 ശതമാനമായാണ് വർദ്ധിച്ചത്.