കളിക്കളത്തിലെ പോരാട്ട വീര്യം കൂട്ടാൻ ബിസിസിഐയുമായി കരാറിൽ ഏർപ്പെടാനൊരുങ്ങി കാമ്പ കോള. ഇതോടെ, ഈ വർഷം മുതൽ രാജ്യത്ത് നടക്കുന്ന എല്ലാ ക്രിക്കറ്റ് പരമ്പരകളുടെയും ഔദ്യോഗിക സ്പോൺസർമാരുടെ പട്ടികയിൽ കാമ്പ കോളയും ഉണ്ടാകുന്നതാണ്. റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റിന്റെ ഉടമസ്ഥതയിലുള്ള ശീതള പാനീയ ബ്രാൻഡാണ് കാമ്പ കോള. എതിരാളികളായ കൊക്കകോളയെയും, പെപ്സികോയെയും മറികടന്നാണ് ബിസിസിഐയുമായി കാമ്പ കോള കരാറിൽ ഏർപ്പെടുന്നത്.
ഒരു വർഷം മുൻപ് റിലയൻസ് കാമ്പ കോളയെ പുനരാരംഭിച്ചതിന് ശേഷം നടത്തുന്ന ആദ്യത്തെ സ്പോൺസർഷിപ്പ് കൂടിയാണിത്. കരാർ അനുസരിച്ച്, രാജ്യത്ത് നടക്കുന്ന എല്ലാ ക്രിക്കറ്റ് മത്സരങ്ങളുടെ പാനീയ പങ്കാളിത്തവും, പ്രത്യേക ഓൺ-സ്റ്റേഡിയം സാന്നിധ്യമാകാനുള്ള അവകാശവും ലഭിക്കുന്നതാണ്. അണ്ടർ 19 സീരീസും, വനിതാ പരമ്പരകളും ഉൾപ്പെടെ ഇന്ത്യയിൽ നടക്കാനിരിക്കുന്ന എല്ലാ ക്രിക്കറ്റ് മത്സരങ്ങളും കരാറിൽ ഉൾപ്പെടുന്നതാണ്. കരാറുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
1970-കളിലും 1980-കളിലും ഇന്ത്യൻ വിപണിയിലെ പ്രത്യേക സാന്നിധ്യമായി മാറാൻ കാമ്പ കോളയ്ക്ക് സാധിച്ചിരുന്നു. പിന്നീട് യുഎസ് ഭീമന്മാർ സോഫ്റ്റ് ഡ്രിങ്ക് വിപണി പിടിച്ചെടുത്തതോടെ കാമ്പ കോള അപ്രത്യക്ഷമാകുകയായിരുന്നു. 2022-ന്റെ പകുതിയോടെയാണ് പ്യുവർ ഡ്രിങ്ക്സ് ഗ്രൂപ്പിൽ നിന്ന് 22 കോടി രൂപയ്ക്ക് റിലയൻസ് കാമ്പയെ ഏറ്റെടുക്കുന്നത്. കാമ്പ കോളയുടെ തിരിച്ചുവരവോടെ കോള നിർമ്മാതാക്കൾ തമ്മിൽ കടുത്ത മത്സരമാണ് നിലനിൽക്കുന്നത്.