ആഭ്യന്തര സൂചികകൾ കുതിച്ചു! നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം


ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം. ആഭ്യന്തര സൂചികകളായ സെൻസെക്സ് 71,872 പോയിന്റ് വരെയും, നിഫ്റ്റി 21,674 പോയിന്റ് വരെയുമാണ് ഉയർന്നത്. വ്യാപാരത്തിന്റെ തുടക്കം മുതൽ തന്നെ ഐടി കമ്പനികൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. നിഫ്റ്റി ഐടി സൂചിക 1.5 ശതമാനം വരെ ഒറ്റയടിക്ക് ഉയർന്നു. യുഎസ് കുതിപ്പിന്റെ പാത പിന്തുടർന്നതോടെയാണ് ഐടി കമ്പനികളുടെ പടയോട്ടം.

സോണിയുമായുള്ള ലയനം ഉടനടി നടക്കാൻ സാധ്യതയില്ലെന്ന വാർത്തകളെ തുടർന്ന്, സീ എന്റർടെയ്ൻമെന്റ് 10 ശതമാനത്തോളമാണ് നഷ്ടം നേരിട്ടത്. അതേസമയം, ഓഹരി തിരിച്ചുവാങ്ങലിന്റെ വിശദാംശങ്ങൾ പുറത്തുവന്നതോടെ ബജാജ് ഓട്ടോ ഓഹരി മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പ്രമുഖ ടോൾ പിരിവ് കമ്പനിയായ ഐആർബിയുടെ ഡിസംബറിലെ ടോൾ പിരിവ് ഗണ്യമായി വർദ്ധിച്ചതിനാൽ, ഓഹരി വില 10 ശതമാനം ഉയർന്നു. വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ രൂപയ്ക്ക് ഡോളറിനെതിരെ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഡോളർ 7 പൈസ കുറഞ്ഞ്, 83.06 രൂപയിലാണ് ഓപ്പൺ ചെയ്തിരിക്കുന്നത്.