ചെന്നൈ: നയൻതാരയെ കേന്ദ്ര കഥാപാത്രമാക്കി നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന തമിഴ് ചിത്രം നെറ്റ്ഫ്ലിക്സ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്നും പിൻവലിച്ചു. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി. സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ നേരത്തെ മുംബൈ പോലീസ് കേസെടുത്തിരുന്നു.
ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്ന് കാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എൽടി മാർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ചിത്രത്തിലെ നായിക നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്.
ശ്രീരാമചന്ദ്രനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി; അയോധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി മോഹൻലാൽ
നയൻതാരയുടെ 75-ാമത്തെ ചിത്രമാണിത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രം തിയേറ്ററിൽ എത്തിയതെങ്കിലും വിചാരിച്ച വിജയം നേടാൻ കഴിഞ്ഞില്ല. ഇതിന് പിന്നാലെ, ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിന് എത്തുകയായിരുന്നു. ഡിസംബർ ഒന്നിന് തിയേറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം 29നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.
ക്ഷേത്രപൂജാരിയുടെ മകൾ ഹിജാബ് ധരിച്ച് നിസ്കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങൾ സിനിമയിലുണ്ട്. ചിത്രത്തിൽ ഷെഫിന്റെ വേഷത്തിലാണ് നയൻതാര എത്തിയത്. കുട്ടിക്കാലം മുതൽ ഷെഫ് ആകാൻ കൊതിച്ച ബ്രാഹ്‌മണ കുടുംബത്തിലെ കഥാപാത്രമായാണ് നയൻതാര എത്തുന്നത്.