ചെന്നൈ: തമിഴ്നാട്ടിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി അമേരിക്കയിലെ പ്രമുഖ ധനസഹായ സ്ഥാപനമായ യുഎസ് ഇന്റർനാഷണൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ. പുതിയ സോളാർ പാനൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കോടികളുടെ നിക്ഷേപത്തിന് തയ്യാറെടുക്കുന്നത്. അമേരിക്കൻ സൗരോർജ കമ്പനിയായ ഫസ്റ്റ് സോളാറാണ് പുതിയ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നത്. ഈ കമ്പനിക്കാണ് ഡിഎഫ്സി വായ്പ നൽകുന്നത്. 50 കോടി ഡോളറാണ് വായ്പയായി നൽകുക. ഈ തുക സോളാർ പാനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതാണ്.
പ്രാദേശിക സമൂഹങ്ങളിൽ നിക്ഷേപിക്കുകയും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന വൈവിധ്യമാർന്ന വിതരണ ശൃംഖലകൾക്ക് ധനസഹായം നൽകാനുള്ള അമേരിക്കയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ നിക്ഷേപം. ഡിഎഫ്സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്കോട്ട് നേഥൻ സൗരോർജ പാനലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി, ചെന്നൈയിലെ യുഎസ് കോൺസൽ ജനറൽ ക്രിസ്റ്റഫർ ഹോഡ്ജസ്, ഫസ്റ്റ് സോളാർ ചീഫ് കമേർഷ്യൽ ഓഫീസർ ജോർജ് ആന്തോൺ, വ്യവസായ മന്ത്രി ടി.ആർ.ബി രാജാ എന്നിവർ പങ്കെടുത്തു.