22
March, 2026

A News 365Times Venture

22
Sunday
March, 2026

A News 365Times Venture

ദുരൂഹതയുടെ നീണ്ട 6 വർഷം: മിഷേലിന് നീതി തേടി കുടുംബം

Date:


പിറവം: 2017ലാണ് പിറവത്തെ മിഷേല്‍ ഷാജിയുടെ മരണവാര്‍ത്ത വീടിനേയും നാടിനേയും ഒന്നാകെ തളര്‍ത്തിയത്. മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മരണം പോലീസ് ആത്മഹത്യയായി എഴുതി അവസാനിപ്പിക്കുകയായിരുന്നു. മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിന്റെ കാരണം ഇതുവരെ വെളിച്ചത്ത് കണ്ടിട്ടില്ല. തന്റെ മകളുടെ ദുരൂഹമരണത്തിനു പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരണമെന്നും പ്രതികൾക്ക് തക്ക ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് മിഷേലിന്റെ മാതാപിതാക്കൾ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. മകളുടെ മരണം ആത്മഹത്യയാക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മിഷേലിന്റെ പിതാവ് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. വെള്ളത്തിൽ മുങ്ങി മരിച്ചതിന്റെ യാതൊരു ലക്ഷണവും മിഷേലിന്റെ മൃതദേഹത്തിനുണ്ടായിരുന്നില്ലെന്ന് മിഷേലിന്റെ പിതാവ് ഷാജി പറയുന്നു.

നീതി ചോദിച്ചു വാങ്ങേണ്ടത് നമ്മുടെ ആവശ്യമായതു കൊണ്ടും എന്നെങ്കിലും നീതി നടപ്പാകും എന്ന വിശ്വാസം ഉള്ളതുകൊണ്ടുമാണ് വീണ്ടും പരാതി നൽകുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ശക്തമായ രാഷ്ട്രീയ ഇടപെടൽ ഉള്ളതുകൊണ്ടാണ് മിഷേലിന്റെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ പൊലീസ് ശ്രമിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, കേസിന്റെ ആദ്യ ദിവസം മുതൽ തന്നെ അതിന്റെ ശ്രമങ്ങൾ നടന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.

‘ആദ്യം മുതൽ തന്നെ കേസിൽ ഉന്നത ഇടപെടലുണ്ടായിരുന്നു. അല്ലാതെ പൊലീസുകാർ ഇത്ര ധൈര്യത്തോടെ ഇങ്ങനെ ചെയ്യില്ല. ഒരു നടന്റെ മകന് ഉൾപ്പെടെ കേസിൽ പങ്കുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടാണ് പൊലീസ് നിഷ്ക്രിയരായത്. മിഷേലിന്റെ മരണം ആത്മഹത്യയാണെങ്കിൽ അതിന്റെ തെളിവുകൾ നിരത്തി തങ്ങളെ ബോധ്യപ്പെടുത്താൻ പൊലീസ് എന്തിനാണ് മടിക്കുന്നത്? ഒരുപാട് ബഹളം വച്ചിട്ടാണ് പത്തു പതിനഞ്ചു ദിവസത്തിനു ശേഷം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ ലഭിച്ചത്. മരണത്തിനു മുൻപ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്. ഓരോ തെളിവും ഞങ്ങൾ ശേഖരിക്കുമ്പോൾ അതു പൊളിക്കാനുള്ള തെളിവുണ്ടാക്കാനായിരുന്നു പൊലീസിനു വ്യഗ്രത. നീതി ഒരിക്കൽ നടപ്പാകും എന്നു തന്നെയാണ് പ്രതീക്ഷ’, ഷാജി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related