അംബേദ്കർ പൂജയിൽ പങ്കെടുക്കാത്തതിന്, 19 കാരനെ മർദ്ദിച്ച് അർധനഗ്‌നനായി തെരുവിലൂടെ നടത്തിച്ച് സഹപാഠികൾ


കർണാടക: അംബേദ്കർ പൂജയിൽ പങ്കെടുക്കാതിരുന്ന വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ. കർണാടക കലബുരഗിയിലെ സർക്കാർ ഹോസ്റ്റലിൽ ആണ് സംഭവം. ഹോസ്റ്റലിൽ സംഘടിപ്പിച്ച പൂജയിൽ പത്തൊമ്പതുകാരൻ പങ്കെടുക്കാതിരുന്നതിനാൽ ബി.ആർ അംബേദ്കറുടെ ചിത്രം എടുപ്പിച്ച് അർധനഗ്‌നനായി തെരുവിൽ കൂടി നടത്തുകയായിരുന്നു.

ജനുവരി 25ന് കർണാടക ഹൈക്കോടതിക്ക് സമീപമുള്ള റോഡിലാണ് സംഭവം. ലംബാണി സമുദായത്തിൽപ്പെട്ട 19 വയസ്സുള്ള വിദ്യാർത്ഥിനിയാണ് ആക്രമണത്തിനിരയായത്. എൻ.വി കോളജിലെ സയൻസ് വിദ്യാർത്ഥിയായ കുട്ടി ഹൈക്കോടതി കെട്ടിടത്തിന് പുറകിലുള്ള നഗരത്തിലെ സർക്കാർ പോസ്റ്റ് മെട്രിക് ഡോർമിറ്ററിയിലാണ് താമസിച്ചിരുന്നത്. 24ന് ഹോസ്റ്റലിൽ ബി.ആർ അംബേദ്കർ പൂജ സംഘടിപ്പിച്ചിരുന്നു.

സ്വകാര്യ കാരണങ്ങളാൽ പൂജയിൽ പങ്കെടുക്കാൻ വിദ്യാർത്ഥിക്ക് കഴിഞ്ഞില്ല. പിറ്റേദിവസം ഇതേച്ചൊല്ലി ചില വിദ്യാർത്ഥികൾ 19 കാരനോട് വഴക്കിട്ടു. പിന്നീട് ദേഹോപദ്രവം ഏൽപ്പിക്കുകയും അർധനഗ്നയാക്കി അംബേദ്കറുടെ ഫോട്ടോ പിടിച്ച് നടത്തിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പിന്നീട് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. മകനെ ഇരുപതോളം പേർ സംഘം ചേർന്ന് മർദ്ദിച്ചതായി പിതാവ് ആരോപിച്ചു. പിതാവ് പൊലീസിനെ സമീപിച്ചിട്ടുണ്ട്.