നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൽ ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ അയ്യപ്പ വി​ഗ്രഹം


അബുദാബി: അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് ഉദ്ഘാടനം ചെയ്തത്. ഒട്ടേറെ പ്രത്യേകതകളുള്ള ഈ ക്ഷേത്രത്തിൽ മലയാളികൾക്കും അഭിമാനിക്കാൻ വക ഏറെയുണ്ട്. ക്ഷേത്രത്തിലെ ഏഴ് വി​ഗ്രഹങ്ങളിലൊന്നായ അയ്യപ്പ വി​ഗ്രഹം നിർമ്മിച്ചത് പരുമലയിലാണ്. പതിനെട്ടാം പടിക്ക് മുകളിൽ പീഠത്തിൽ ഉപവിഷ്ടനായ അയ്യപ്പന്റെ വി​ഗ്രഹം ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ അയ്യപ്പ വി​ഗ്രഹമാണ്.

പരുമല കാട്ടുംപുറത്ത് പന്തപ്ലാംതെക്കേതിൽ പി.പി.അനന്തൻ ആചാരിയുടെയും മകൻ അനു അനന്തന്റെയും നേതൃത്വത്തിലുള്ള ആർട്ടിസാൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസാണ് ഈ വി​ഗ്രഹം നിർമ്മിച്ചത്. അലങ്കാരപ്രഭ, വിളക്കുകൾ തുടങ്ങിയവയും പരുമലയിലെ പണിശാലയിൽ നിന്നു ക്ഷേത്രത്തിലെത്തിച്ചിട്ടുണ്ട്. ചന്ദ്രൻ, രഘു, രാജപ്പൻ, രാധാകൃഷ്ണൻ, ജഗദീഷ്, ജഗന്നാഥൻ തുടങ്ങിയവരും വിഗ്രഹ നിർമാണത്തിൽ പങ്കെടുത്തു.ഈ അവസരം ലഭിച്ചതിനു ശബരിമല താഴമൺ തന്ത്രികുടുംബത്തോടാണ് ഇവർ നന്ദി പറയുന്നത്.

സംസ്ഥാനത്തിനകത്തും പുറത്തും വിവിധ ക്ഷേത്രങ്ങളിലെ നിർമാണ ജോലികൾ ആർട്ടിസാൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയ്തിട്ടുണ്ട്. ശബരിമലയ്ക്കു പുറമെ ഏറ്റുമാനൂരിലെയും പാറമേക്കാവിലെയും സ്വർണക്കൊടിമരങ്ങൾ, ഗുരുവായൂർ ക്ഷേത്രത്തിലെ രണ്ടായിരത്തോളം ലീറ്റർ പായസം തയാറാക്കാവുന്ന 2 ടൺ വീതം ഭാരമുള്ള വാർപ്പുകൾ, യുഎസിലെ ടാമ്പ അയ്യപ്പക്ഷേത്രത്തിലെ ശ്രീകോവിൽ അലങ്കാരങ്ങൾ, കൊടിമരം, ബലിക്കല്ല് എന്നിവയിലെ അലങ്കാരങ്ങൾ തുടങ്ങിയവയാണത്. ന്യൂയോർക്കിലെ ക്രിസ്ത്യൻ പള്ളി, ചിക്കാഗോയിലെ കത്തീഡ്രൽ എന്നിവിടങ്ങളിലെ കൊടിമരങ്ങളും നിർമിച്ചു.

യുഎഇയിലെ ഏഴു എമിറേറ്റ്സുകളെ പ്രതിനിധീകരിച്ച് ഏഴു ഗോപുരങ്ങളാണു അബുദാബി ബിഎപിഎസ് ക്ഷേത്രത്തിലുള്ളത്. ഓരോ ഗോപുരത്തിലും ഓരോ പ്രതിഷ്ഠയാണ്. അതിലൊന്നാണ് ഈ അയ്യപ്പ വിഗ്രഹം. പതിനെട്ടാംപടിക്കു മുകളിൽ പീഠത്തിൽ ഉപവിഷ്ടനായ അയ്യപ്പ സ്വാമിയെ ഭക്തർക്ക് അബുദാബി ബാപ്സ് ഹിന്ദു മന്ദിറിൽ ദർശിക്കാം.

ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ അയ്യപ്പ വിഗ്രഹമായിരിക്കും ഇത്. പീഠം ഉൾപ്പെടെ വിഗ്രഹത്തിനു നാലടിയോളം ഉയരം. 3 അടി ഉയരത്തിലാണു പതിനെട്ടു പടികളുടെ ചെറിയ മാതൃക പണിതിരിക്കുന്നത്. ഇതിന്റെ വശങ്ങളിൽ ശബരിമലയിലെന്ന പോലെ ആനയുടെയും കടുവയുടെയും രൂപങ്ങളുണ്ട്. ഭക്തർക്കു പടി ചവിട്ടാൻ കഴിയില്ല. തൊട്ടുതൊഴുകയും പടിപൂജ നടത്തുകയും ചെയ്യാം.