സ്വയം വിരമിക്കാൻ മടി! ഒടുവിൽ നടപടി കടുപ്പിച്ച് എയർ ഇന്ത്യ, 180-ലധികം ജീവനക്കാർ പുറത്തേക്ക്


ന്യൂഡൽഹി: സ്വയം വിരമിക്കാൻ വിമുഖത പ്രകടിപ്പിച്ച ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് രാജ്യത്തെ പ്രമുഖ എയർലൈനായ എയർ ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 180-ലധികം ജീവനക്കാരെയാണ് കമ്പനി സർവീസിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. വോളന്ററി റിട്ടയർമെന്റ് പദ്ധതിയും, റീ-സ്കില്ലിംഗ് അവസരങ്ങളും ഉൾപ്പെടെയുള്ളവർ എയർ ഇന്ത്യ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ഈ പദ്ധതികളോട് സഹകരിക്കാത്ത ജീവനക്കാരെയാണ് പുറത്താക്കിയിട്ടുള്ളത്. എയർ ഇന്ത്യയുടെ ബിസിനസ് കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇത്തരമൊരു നീക്കം.

2022 ജനുവരിയിലാണ് കേന്ദ്രസർക്കാരിൽ നിന്നും ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുക്കുന്നത്. ഇതിനുശേഷം വലിയ രീതിയിലുള്ള മാറ്റങ്ങൾക്കാണ് എയർ ഇന്ത്യ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ 18 മാസമായി എല്ലാ ജീവനക്കാരെയും കമ്പനി കൃത്യമായി വിലയിരുത്തുന്നുണ്ട്. ഇതിന് സമഗ്രമായ ഒരു പ്രക്രിയയാണ് എയർ ഇന്ത്യ പിന്തുടർന്നിരുന്നത്. ഇതിന്റെ ആദ്യഘട്ട പ്രവർത്തനമെന്ന നിലയിലാണ് വോളന്ററി റിട്ടയർമെന്റ് പദ്ധതിയും, റീ-സ്കില്ലിംഗ് അവസരങ്ങളും അവതരിപ്പിച്ചത്.

റീ-സ്കില്ലിംഗ് അവസരങ്ങൾ പ്രയോജനപ്പെടുത്താത്ത ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. എന്നാൽ, പിരിച്ചുവിട്ട ജീവനക്കാരുടെ കൃത്യമായ എണ്ണത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷം രണ്ട് റൗണ്ടാണ് കമ്പനി ജീവനക്കാർക്ക് മുമ്പിൽ വോളന്ററി റിട്ടയർമെന്റ് സ്കീം അവതരിപ്പിച്ചത്.