മദ്യലഹരിയില്‍ പൊലീസിന് നേരെ അക്രമം, കോണ്‍സ്റ്റബിളിന്റെ കൈ കടിച്ചു, കേട്ടാലറയ്ക്കുന്ന തെറി വിളി: യുവതികള്‍ പിടിയില്‍
മുംബൈ: മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ മൂന്ന് യുവതികള്‍ പിടിയില്‍. കാവ്യ, അശ്വനി, പൂനം എന്നീ യുവതികളെയാണ് പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞദിവസം പല്‍ഗാര്‍ വിരാര്‍ മേഖലയിലെ ഒരു ബാറിന്റെ സമീപത്ത് വച്ചായിരുന്നു സംഭവം. മദ്യലഹരിയില്‍ യുവതികള്‍ സംഘര്‍ഷം സൃഷ്ടിക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. മൂന്നു പേരെയും സ്ഥലത്ത് നിന്ന് മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് അക്രമമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വാക്ക് തര്‍ക്കത്തിനിടെ യുവതികളിലൊരാള്‍ വനിതാ കോണ്‍സ്റ്റബിളിന്റെ കൈയില്‍ കടിക്കുകയും ചെയ്തു. പ്രദേശവാസി കൂടിയാണ് കാവ്യ. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും യുവതികള്‍ മറ്റ് ലഹരികള്‍ ഉപയോഗിച്ചിരുന്നോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.