കിണറ്റില്‍ പാറ പൊട്ടിക്കാൻ തോട്ടവച്ചു, തിരിക്ക് തീ കൊടുത്തശേഷം തിരിച്ചുകയറാനായില്ല: ഒരാൾക്ക് ദാരുണാന്ത്യം


മലപ്പുറം: കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരു മരണം. കിണറ്റിലെ പാറപൊട്ടിക്കുന്നതിനായി തോട്ടയ്ക്ക് തിരികൊളുത്തിയ ശേഷം പുറത്തേക്ക് കയറാനാകാതെ വീണു പോയതിനെ തുടർന്നാണ് തമിഴ്‌നാട് ഈറോഡ് എടപ്പാടി സ്വദേശി രാജേന്ദ്രൻ മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെ പെരിന്തല്‍മണ്ണ തേക്കിൻകോട് ആണ് സംഭവം.

തോട്ടോളി നൗഫലിന്റെ വീട്ടുമുറ്റത്തെ വറ്റിയ കിണറ്റില്‍ ആഴം കൂട്ടുന്നതിനിടെയാണ് അപകടം. 10 തോട്ടകളാണ് മുപ്പതടിയോളം താഴ്ചയുള്ള കിണറിനുള്ളിലെ പാറയില്‍ വച്ചിരുന്നത്. ഇതിന്റെ തിരിക്ക് തീ കൊടുത്തശേഷം രാജേന്ദ്രൻ മുകളിലേയ്ക്ക് കയറുന്നതിനിടെ കയറിലെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. പുറത്തുനിന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ തോട്ട പൊട്ടിത്തെറിച്ചു.

read also: മൂന്നാംതവണ മോദി പ്രധാനമന്ത്രിയായാലും 75 വയസാകുമ്പോള്‍ വിരമിക്കുമെന്ന് കെജ്രിവാൾ, അങ്ങനെയൊരു നിയമമില്ലെന്ന് അമിത് ഷാ

സ്‌ഫോടനത്തെത്തുടർന്ന് രാജേന്ദ്രൻ ഇളകിയ മണ്ണിനടിയിലായി. കിണറ്റില്‍ പുക മൂടിയിരുന്നതിനാല്‍ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു. പെരിന്തല്‍മണ്ണ അഗ്നിശമനസേനയും ട്രോമാകെയർ പ്രവർത്തകരും ചേർന്ന് പാറ തുളയ്ക്കാൻ ഉപയോഗിക്കുന്ന കംപ്രസർ യന്ത്രമുപയോഗിച്ച്‌ കിണറ്റിലെ പുക നീക്കിയശേഷമാണ് മണ്ണുമാറ്റി രാജേന്ദ്രനെ പുറത്തെടുത്തത്. എന്നാല്‍ അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു.