27 ലക്ഷം മുടക്കി, പ്രതിഫലം പോലും വാങ്ങിയില്ല എന്നിട്ടും അവസാനം വില്ലൻ: ‘വഴക്ക്’ വിവാദത്തില്‍ മറുപടിയുമായി ടൊവിനോ



സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണ് ‘വഴക്ക്’. ഈ സിനിമ റിലീസ് ചെയ്യാതിരിക്കാൻ നടൻ ടൊവിനോ തോമസ് ശ്രമിക്കുന്നുവെന്നു സനല്‍കുമാര്‍ ശശിധരൻ സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണവുമായി നടനും സിനിമയുടെ നിർമാതാവുമായ ടൊവിനോ തോമസ്.

ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ടൊവിനോ വിവാദത്തില്‍ തന്റെ ഭാഗം വിശദീകരിച്ചത്.

സനല്‍കുമാറുമായി തനിക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും പണ്ടത്തെ സനല്‍കുമാറിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും എന്നാല്‍ ഇപ്പോഴത്തെ സനല്‍കുമാറിനെ തനിക്ക് മനസിലാവുന്നില്ലെന്നും ടൊവിനോ തോമസ് പറഞ്ഞു.

read also: പ്രണയരംഗമുള്ള വീഡിയോ സംസ്കാരത്തിനെതിര്‌: കോളേജിന്റെ പേരില്‍ പ്രചരിക്കുന്ന പരസ്യവീഡിയോയ്ക്കെതിരെ മുവാറ്റുപുഴ നിർമലകോളേജ്

‘വഴക്ക്’ സിനിമ ചെയ്യുന്നതിന് മുമ്പ് പലരും തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് തനിക്ക് പ്രശ്‌നമൊന്നും തോന്നിയിരുന്നില്ല. ചിത്രത്തിനായി താൻ 27 ലക്ഷം രൂപ നിർമാണ ചിലവ് നല്‍കി, പ്രതിഫലമായി ഒരു രൂപപോലും ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ സഹനിർമാതാവ് ആയ പാരമൗണ്ട് ഫിലിംസിന് വേണ്ടി ഗിരീഷ് നായരും 27 ലക്ഷം മുടക്കി. പലപ്പോഴായി സനല്‍കുമാർ ഈ തുകയില്‍ നിന്ന് പ്രതിഫലം പറ്റിയിട്ടുണ്ട്. ഐഎഫ്‌എഫ്‌കെയില്‍ നിന്ന് ലഭിച്ച തുക എന്ത് ചെയ്തു എന്ന് ആരും സനല്‍കുമാറിനോട് ചോദിച്ചിട്ടില്ലെന്നും ടൊവിനോ പറഞ്ഞു.

സനല്‍കുമാറുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളും ടൊവിനോ വീഡിയോയില്‍ പങ്കുവെയ്ച്ചു. പ്രതീക്ഷിച്ച പോലെ ഫിലിം ഫെസ്റ്റിവലുകളില്‍ ചിത്രത്തിന് എൻട്രി ലഭിച്ചില്ല. ഒരു ഫിലിം ഫെസ്റ്റിവലില്‍ നിന്ന് ചിത്രം റിജക്‌ട് ചെയ്തപ്പോള്‍ ഏതോ ഇന്റർനാഷണല്‍ കോക്കസ് തനിക്കെതിരെയും ചിത്രത്തിനെതിരെയും പ്രവർത്തിക്കുന്നുവെന്നായിരുന്നു സനല്‍കുമാർ പറഞ്ഞതെന്നും ടൊവിനോ പറഞ്ഞു.

പിന്നീട് ഐഎഫ്‌എഫ്കെയ്ക്ക്‌ അവസരം കിട്ടിയപ്പോഴും ചിത്രം അവിടെ പ്രദർശിപ്പിച്ചേക്കില്ലെന്നും അവിടെയും ചിത്രം തകർക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് സനല്‍ കുമാർ പറഞ്ഞതായും ടൊവിനോ പറഞ്ഞു.