തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശ പര്യടനത്തിന് ശേഷം തിരിച്ചെത്തി. വിദേശ സന്ദർശനം നിശ്ചയിച്ചതിലും നേരത്തെ അവസാനിപ്പിച്ചാണ് മുഖ്യമന്ത്രിയും സംഘവും ഇന്ന് പുലർച്ചെ 3.15 നുള്ള വിമാനത്തിൽ തിരുവനന്തപുരത്തെത്തിയത്.
തുടർന്ന്, അദ്ദേഹം റോഡ് മാർഗം വീട്ടിലേക്ക് പോയി.നാളെ കേരളത്തിൽ തിരിച്ചെത്തുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. എന്നാൽ ഓഫീസിലും സുരക്ഷാ സംവിധാനങ്ങൾക്കും നൽകിയ ഈ അറിയിപ്പ് മാറ്റിയാണ് ഇന്ന് പുലർച്ചെ തിരിച്ചെത്തിയത്.
സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡിജിപി അടക്കം വിമാനത്താവളത്തിൽ എത്താറുണ്ട്. എന്നാൽ ഇന്ന് പുലർച്ചെ വിമാനത്താവളത്തിൽ ആരും തന്നെ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാർ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.