പന്തീരങ്കാവ് വധു പീഡന കേസ്: പ്രതിയെ രാജ്യം വിടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യും, ഉത്തരവ് ഇന്നിറങ്ങും
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതിയെ രാജ്യം വിടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത് ലാലിനെ സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഇന്ന് തന്നെ ഇറങ്ങുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ഉത്തരവിൽ ഉന്നത ഉദ്യോഗസ്ഥൻ ഒപ്പുവെച്ചാല്‍ ഉടൻ ഉത്തരവിറങ്ങുമെന്നുമാണ് അരിയിപ്പ്.
പ്രതി രാഹുലിന് രക്ഷപ്പെടാൻ ഉള്ള നിർദ്ദേശങ്ങൾ നൽകിയത് ശരത് ലാൽ ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവദിവസം സിപിഒ ശരത് ലാല്‍ പന്തീരങ്കാവ് സ്റ്റേഷനിലെ ജി ഡി ഡ്യൂട്ടിയിലായിരുന്നു. വധശ്രമ കുറ്റം ചുമത്താനുളള നീക്കം അടക്കം ഇയാൾ രാഹുലിനെ അറിയിച്ചു. ഗാര്‍ഹിക പീഡന പരാതിക്ക് പിന്നാലെ പൊലീസ് അന്വേഷണത്തിലെ നിര്‍ണായക വിവരങ്ങളും ശരത് ലാല്‍ ചോര്‍ത്തി നല്‍കി.
പൊലീസിന്റെ കണ്ണിൽ പെടാതെ ചെക്ക് പോസ്റ്റ് കടക്കണം എന്നും നിർദ്ദേശിച്ചു. ശരത് ലാലിന്‍റെ ഫോൺ രേഖകൾ പൊലീസ് പരിശോധിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ രാജേഷിന്‍റെ അടുത്ത സുഹൃത്തു കൂടിയാണ് ശരത്. രാഹുലും രാജേഷും ബംഗളൂരുവിലേക്ക് പോകുന്ന വഴിക്ക് ഇയാളുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.