കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ മെഡിക്കൽ ബോര്‍ഡ് യോഗം ഇന്ന് ചേരും. അതിനുശേഷം ശസ്ത്രക്രിയ ചെയ്ത ഡോ. ബിജോണ്‍സനെ ഇന്ന് പൊലിസ്ചോദ്യം ചെയ്യുമെന്ന് മെഡിക്കല്‍ കോളേജ് എസിപി പ്രേമചന്ദ്രൻ അറിയിച്ചു.
ചികിത്സാ രേഖകൾ പരിശോധിച്ച് വരികയാണ്. കുട്ടിക്ക് നാക്കിന് പ്രശ്നമുണ്ടായിരുന്നോയെന്ന് മെഡിക്കൽ ബോർഡിനു ശേഷം അറിയാമെന്നും എസിപി അറിയിച്ചിരുന്നു. ഡോക്ടർക്ക് അടുത്ത ദിവസം ചോദ്യംചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് അയക്കും. കുടുംബത്തിന്‍റെ പരാതിയിൽ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു
അതേസമയം, കോഴിക്കോട് മെഡിക്കൽ കോളജ് ശസ്ത്രക്രിയ പിഴവ് കേസിൽ കുട്ടിയുടെ കുടുംബത്തിന്‍റെ വാദം ശരിവച്ചാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. നാലു വയസ്സുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തിയതിൽ ചികിത്സ വീഴ്ചയുണ്ടെന്നും പൊലീസ് കരുതുന്നു. കുട്ടിക്ക് നാക്കിന് കുഴപ്പമുണ്ടായിരുന്നു എന്ന് ഒരു ചികിത്സാ രേഖയിലും ഇല്ല. ഇത് സംബന്ധിച്ച ചികിത്സയ്ക്കല്ല അവർ മെഡിക്കൽ കോളേജിൽ എത്തിയതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയെ പരിശോധിച്ച മറ്റ് ഡോക്ടർമാരിൽ നിന്ന് ഉൾപ്പെടെ പൊലീസ് മൊഴിയെടുത്തു.ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ ഭാഗത്ത് പിഴവില്ലെന്ന ആശുപത്രി സൂപ്രണ്ടിന്റെ പ്രാഥമിക റിപ്പോർട്ട് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാൻ എത്തിയ കുട്ടിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്. ചെറുവണ്ണൂർ സ്വദേശിയായ കുട്ടിക്കാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഗുരുതരമായ ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്. സംഭവത്തിൽ ഡോക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ഡോക്ടറെ ന്യായീകരിച്ച് കെ ജി എം സി ടി എ (കേരള ഗവൺമെന്‍റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ) രംഗത്തെത്തിയിരുന്നു.
അവയവം മാറി ശസ്ത്രക്രിയ ചെയ്തുവെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമെന്നും കുട്ടിയുടെ നാവിന് അടിയിലെ വൈകല്യം ശ്രദ്ധയില്‍ പെട്ടതോടെയാണ് ആദ്യം ആ ശസ്ത്രക്രിയ നടത്തിയത് എന്നുമാണ് കെ ജി എം സി ടി എ പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞത്.