ഒരു കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തി, കൊല്ലപ്പെട്ടവരില്‍ 5 വയസുകാരനും: പ്രതി മരിച്ച നിലയില്‍
റായ്പൂര്‍: ഛത്തീസ്ഗഡിലെ സാരന്‍ഗഡ്-ബിലായ്ഗഡ് ജില്ലയിലെ തര്‍ഗണ്‍ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊന്നു. അഞ്ചുപേരെയും മഴു കൊണ്ടാണ് വെട്ടിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അതേസമയം ഗ്രാമവാസികളില്‍ ഒരാളെ വീടിനുളളില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാളാകാം പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്.
ഹേമലാല്‍ സാഹു (55), ഭാര്യ ജഗ്മോതി സാഹു (50), മക്കളായ മീര സാഹു (30), മംമ്ത സാഹു (35), പേരക്കുട്ടി ആയുഷ് (5) എന്നിവരാണ് കൊല്ലപ്പെട്ടത്. മനോജ് സാഹു (32) എന്ന വ്യക്തിയാണ് ഇവരെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരാണ് പൊലീസിനെ കൊലപാതക വിവരം അറിയിച്ചത്.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണെന്നും ഫോറന്‍സിക് സംഘത്തിന്റെ സഹായത്തോടെ കേസില്‍ സമഗ്രമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.