15 മാസം അബോധാവസ്ഥയിൽ, അഖിലയുടെ മരണത്തിനു കാരണം അനസ്തേഷ്യ ഡോസ് കൂടിപ്പോയത്: ആശുപത്രിക്കെതിരെ ഭര്‍ത്താവ്


കോഴിക്കോട്: ശസ്ത്രക്രിയയ്ക്ക് പിന്നാലെ 15 മാസത്തോളം അബോധാവസ്ഥയിലായിരുന്ന യുവതി മരണപ്പെട്ടു. വയനാട് നടവയല്‍ ചീങ്ങോട് വരിക്കാലയില്‍ ജെറില്‍ ജോസിന്റെ ഭാര്യ അഖില (28) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്. യുവതിയുടെ മരണത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ് രംഗത്ത്.

ശസ്ത്രക്രിയയ്ക്കിടെ നല്‍കിയ അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ജെറിൽ ആരോപിച്ചു.

read also: പുന്നയൂര്‍ക്കുളത്ത് പറമ്പില്‍ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാല്‍ മുറിച്ച് സാമൂഹിക വിരുദ്ധർ

ഹെർണിയ ശസ്ത്രക്രിയയ്ക്കായി കല്‍പറ്റ ലിയോ ആശുപത്രിയില്‍ 2023 മാർച്ച്‌ 18നാണ് അഖിലയെ പ്രവേശിപ്പിച്ചത്. സർജറി നടക്കുന്നതിനിടെ രോഗിക്ക് ബോധം വന്നതോടെ വീണ്ടും അനസ്തേഷ്യ നല്‍കുകയും ഓപ്പറേഷൻ പൂർത്തീകരിക്കുകയും ചെയ്തു. തുടർന്ന് അബോധാവസ്ഥയിലായ യുവതിയ്ക്ക് തുടർചികിത്സ നൽകിയെങ്കിലും മാറ്റമുണ്ടായില്ല. തുടർന്ന് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. യുവതിയുടെ ചികിത്സയ്ക്കായി വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 20 ലക്ഷത്തിലധികം രൂപ ചെലവായി.

ചികിത്സപ്പിഴവ് സംബന്ധിച്ച്‌ വയനാട് ഡിഎംഒ, ജില്ലാ ലീഗല്‍ അതോറിറ്റി, മനുഷ്യാവകാശ കമ്മിഷൻ, കേണിച്ചിറ പൊലിസ് സ്റ്റേഷൻ എന്നിവിടങ്ങളില്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു അന്വേഷണവും നടന്നില്ലെന്നും ജെറില്‍ ആരോപിച്ചു.