15 കാരിയെ ബന്ധുവീട്ടിൽ കണ്ടു പരിചയമായി: പ്രണയം നടിച്ച് സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡനം, കൊല്ലത്ത് 20 കാരൻ അറസ്റ്റിൽ
ചടയമംഗലം: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. കൊല്ലം ജില്ലയിൽ ചടയംഗലത്താണ് സംഭവം. ഇരുപതുകാരനായ കടന്നൂർ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്. കഴിഞ്ഞ ഓണത്തിന് ചടയമംഗലത്തുള്ള ബന്ധു വീട്ടിൽ എത്തിയപ്പഴാണ് വർക്കല സ്വദേശിയായ പെൺകുട്ടിയെ ശ്രീരാജ് പ്രണയം നടിച്ച് വശത്താക്കിയതെന്നും പിന്നീട് ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നും പോലീസ് വ്യക്തമാക്കി.
പെൺകുട്ടിയെ പരിചയപ്പെട്ട ശേഷം യുവാവ് ഫോൺ വഴി ബന്ധം തുടർന്നു. പിന്നാലെ ശ്രീരാജിന്‍റെ ചടയമംഗലത്തുള്ള വീട്ടിലും കടന്നൂരുള്ള സുഹൃത്തിന്റെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ ദിവസം ചടയമംഗലത്തെ ബന്ധു വീട്ടിലെത്തിയ പെൺകുട്ടിയെ ശ്രീരാജ് സുഹൃത്തിന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതോടെയാണ് പീഡന വിവരം പുറത്താവുന്നത്. അന്വേഷണത്തിൽ യുവാവിനെ ഇയാളുടെ വീട്ടിൽ നിന്ന് പിടികൂടി. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പെൺകുട്ടിയെ കടന്നൂരിലുള്ള കുന്നിൻ മുകളിൽ നിന്നുമാണ് പോലീസ് കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം ബന്ധുക്കൾക്ക് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.