ബഹിരാകാശ രംഗത്ത് പുതുചരിത്രം: ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനി വികസിപ്പിച്ച അഗ്നിബാൺ വിജയകരമായി വിക്ഷേപിച്ചു
ചെന്നൈ: ബഹിരാകാശ രംഗത്ത് പുതുചരിത്രം കുറിച്ച് ഇന്ത്യയുടെ അഗ്നിബാൺ സോർട്ടഡ് (സബ് ഓർബിറ്റൽ ടെക് ഡെമോൺസ്‌ട്രേറ്റർ) പരീക്ഷണവിക്ഷേപണം വിജയം കണ്ടു. ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ അഗ്നികുൽ കോസ്മോസ് വികസിപ്പിച്ച ഒറ്റഘട്ടം മാത്രമുള്ള വിക്ഷേപണവാഹനമാണ് അഗ്നിബാൺ. വ്യാഴാഴ്ച രാവിലെ 7.15-ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്‌സ് സെന്ററിലെ വിക്ഷേപണത്തറയിൽനിന്ന് കുതിച്ചുയർന്ന റോക്കറ്റ് വിക്ഷേപിച്ച് രണ്ടു മിനിറ്റിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ പതിച്ചു.
ദൗത്യവിജയത്തിൽ അഗ്നികുൽ കോസ്മോസിനെ അഭിനന്ദിച്ച്ഐ.എസ്.ആർ.ഒ രംഗത്തെത്തി. ഇന്ത്യക്ക് ഇത് സുപ്രധാന നാഴികക്കല്ലാണെന്ന് ഇസ്രോ വ്യക്തമാക്കി. എയ്‌റോസ്പേസ് എൻജിനിയർമാരായ ശ്രീനാഥ് രവിചന്ദ്രനും എസ്.പി.എം. മോയിനും ചേർന്ന് 2017 ൽ സ്ഥാപിച്ച കമ്പനിയാണ് അഗ്നികുൽ കോസ്മോസ്.
575 കിലോ ഭാരവും 6.2 മീറ്റർ നീളവുമുള്ള അഗ്നിബാണിന് 300 കിലോവരെയുള്ള പേലോഡ് വഹിച്ച് 700 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലെത്തിക്കാനാവും. വാതകരൂപത്തിലും ദ്രവരൂപത്തിലുമുള്ള ഇന്ധനങ്ങളുടെ മിശ്രിതം ഉപയോഗിച്ചുള്ളതാണ് പ്രൊപ്പൽഷൻ സിസ്റ്റം. മണ്ണെണ്ണയും മെഡിക്കൽ ഗ്രേഡ് ദ്രവ ഓക്സിജനും അടങ്ങുന്ന, വിമാനങ്ങളിൽ ഉപയോഗിക്കുന്ന ടർബൈൻ ഇന്ധനമാണ് പ്രയോജനപ്പെടുത്തുന്നത്. നിലവിലുള്ള ക്രയോജനിക് എൻജിനുകളിൽ ഉപയോഗിക്കുന്നത് ദ്രവീകൃത ഹൈഡ്രജനും ഓക്സിജനുമാണ്. ഹൈഡ്രജനെ ദ്രവരൂപത്തിലാക്കണമെങ്കിൽ 254 ഡിഗ്രിയിലും ഓക്സിജനെ ദ്രവരൂപത്തിലാക്കാൻ 157 ഡിഗ്രിയിലും തണുപ്പിക്കണം.
സാങ്കേതികസംവിധാനങ്ങളേറെ ആവശ്യമായ ചെലവേറിയ പ്രക്രിയയാണിത്. വിക്ഷേപണച്ചെലവ് കുറയ്ക്കാൻ സെമി ക്രയോജനിക് എൻജിനുകൾക്കാകും. ലോകത്തിലെ ആദ്യത്തെ സിംഗിൾ പീസ് ത്രീഡി പ്രിന്റഡ് സെമി ക്രയോജനിക് റോക്കറ്റ് എൻജിനായ അഗ്നിലൈറ്റ് എൻജിന്റെ പരീക്ഷണമാണ് ദൗത്യത്തിന്റെ ലക്ഷ്യം. അഗ്നിബാൺ വിക്ഷേപണവിജയം ആയിരം മണിക്കൂറുകൾ നീണ്ട തങ്ങളുടെ സംഘത്തിന്റെ അവലോകനങ്ങളുടെയും കഠിനാധ്വാനത്തിന്റെയുംകൂടി വിജയമാണെന്ന് അഗ്നികുൽ കോസ്മോസ് സഹസ്ഥാപകനും സി.ഇ.ഒ.യുമായ ശ്രീനാഥ് രവിചന്ദ്രൻ പറഞ്ഞു. തദ്ദേശീയമായി ബഹിരാകാശ യോഗ്യമായ ഹാർഡ്‌വേർ രൂപകല്പന ചെയ്യാൻ പിന്തുണ നൽകിയ ഇൻ-സ്പേസിനും ഐ.എസ്.ആർ.ഒ.യ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.
സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് അഗ്നിബാൺ വിക്ഷേപണം മാർച്ച് 22 മുതൽ നാലു തവണ മാറ്റിവെച്ചിരുന്നു. റോക്കറ്റ് വിക്ഷേപണത്തിൽ വിജയം നേടിയ രാജ്യത്തെ രണ്ടാം സ്വകാര്യ ബഹിരാകാശ കമ്പനിയാണ് അഗ്നികുൽ കോസ്മോസ്. 2022 നവംബറിൽ ഹൈദരാബാദ് ആസ്ഥാനമായ സ്കൈറൂട്ട് എയ്റോസ്പേസ് കമ്പനി വിക്രം എസ്. എന്ന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചിരുന്നു.