ലണ്ടനിൽ 10 വയസ്സുകാരിയായ മലയാളി പെൺകുട്ടിക്ക് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ വെടിയേറ്റു: നില ഗുരുതരം


ലണ്ടൻ: ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് നേരെ അജ്ഞാതൻ വെടിയുതിര്‍ത്തു. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടിൽ വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ മരിയക്ക് നേരെയാണ് അജ്ഞാതൻ വെടിയുതിര്‍ത്തത്. അക്രമത്തിൽ 10 വയസ്സുകാരിയുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച രാത്രി 9:20 ന് അച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടൻ ഹക്നിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കവെയാണ് വെടിയേറ്റത്. വടക്ക് കിഴക്കൻ ലണ്ടനിലെ ഡാൾട്ടൺ കിങ്സ്‌ലാൻഡ് ഹൈ സ്ട്രീറ്റിലെ ഒരുറസ്റ്റന്‍റിന് സമീപം ബൈക്കിൽ എത്തിയ ഒരാളാണ് വെടിവെപ്പ് നടത്തിയത്.

പ്രതി പിന്നീട് രക്ഷപ്പെട്ടു. പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ലിസ അടക്കം അഞ്ച് പേര്‍ക്കാണ് വെടിയേറ്റത്. മറ്റ് നാല് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.