വോട്ടെടുപ്പിനിടെ ബംഗാളില്‍ സംഘര്‍ഷം: ഇവിഎം കുളത്തിലെറിഞ്ഞു


കൊല്‍ക്കത്ത: ബംഗാളില്‍ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഇവിഎം പ്രദേശവാസികള്‍ കുളത്തിലെറിഞ്ഞു. ഇന്ന് രാവിലെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. ഇവിഎം കുളത്തില്‍ കിടക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ജയ്‌നഗര്‍ മണ്ഡലത്തില്‍ കുല്‍താലിയിലെ ബൂത്ത് നമ്പര്‍ 40,41 എന്നിവിടങ്ങളിലാണ് സംഘര്‍ഷം.

ചില പോളിംഗ് ഏജന്റുമാര്‍ ബൂത്തുകളില്‍ ഇരിക്കാന്‍ വിസമ്മതിച്ചനെ തുടര്‍ന്ന് ജനക്കൂട്ടം ബൂത്തിലേക്ക് ഇരച്ചുക്കയറി വോട്ടിംഗ് മെഷീന്‍ എടുത്ത് കുളത്തിലെറിയുകയായിരുന്നു. ഇക്കാര്യം ബംഗാളിലെ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചു.

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വോട്ടിംഗ് മെഷീന്‍ കൊണ്ടുവന്ന് ആറു ബൂത്തുകളിലെ വോട്ടെടുപ്പ് തടസമില്ലാതെ നടത്തിയെന്നും തെരഞ്ഞെടുപ്പ് ഓഫീസിര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.