തിയറ്ററുകളില്‍ വിജയം നേടിയ നാദിര്‍ഷ ചിത്രമായ അമര്‍ അക്ബര്‍ അന്തോണിയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് ആസിഫ് അലിയെ ആയിരുന്നെന്ന് നാദിര്‍ഷ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ, പൃഥ്വിരാജ് ഇടപെട്ട് ആസിഫ് അലിയുടെ അവസരം നിഷേധിച്ചുവെന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പ്രേക്ഷകര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ തന്‍റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ആസിഫ് അലി.
read also: എക്സിറ്റ് പോളിനൊക്കെ 48 മണിക്കൂർ ആയുസ്സാണുള്ളത്, കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കില്ല : പി.എം.എ. സലാം
‘അതൊരു ഭയങ്കര തെറ്റിദ്ധാരണയാണ്. ഒരിക്കലും അതല്ല ആ പറഞ്ഞതിന്‍റെ അര്‍ഥം. അവര്‍ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് വച്ച് ആ കഥാപാത്രങ്ങളായി അവര്‍ മൂന്ന് പേര്‍ ആണെങ്കില്‍ അത് കറക്റ്റ് ആയിരിക്കും. ആ സ്ക്രീന്‍ സ്പേസില്‍ ഞാന്‍ പോയിനിന്നാല്‍ ആളുകള്‍ കാണുമ്പോള്‍ ഞാന്‍ ഒരു അനിയനെപ്പോലെ തോന്നിയേക്കാം. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അല്ലാതെ ഒരിക്കലും എന്നെ ആ സിനിമയില്‍ നിന്ന് മാറ്റണമെന്നല്ല പറഞ്ഞത്’- ഇന്ത്യന്‍ സിനിമാ ഗാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് അലി പറഞ്ഞു.
‘എന്‍റെ ഒരു പേഴ്സണല്‍ വിഷമം എന്ന് പറഞ്ഞാല്‍ എനിക്ക് ഒരു ആക്സിഡന്‍റ് ആയ സമയത്ത് ആ ദിവസം മുതല്‍ എല്ലാ ദിവസവും എന്നെ വിളിച്ചുകൊണ്ടിരിരുന്ന രണ്ട് പേരാണ് രാജു ചേട്ടനും പ്രിയ ചേച്ചിയും (സുപ്രിയ മേനോന്‍). ഞങ്ങളുടെ ഇടയില്‍ വലിയ പ്രശ്നമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോള്‍ എനിക്കത് ഭയങ്കര വിഷമമായി’, ആസിഫ് അലി കൂട്ടിച്ചേർത്തു.