സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍


കൊച്ചി: സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം എളമക്കര ജി.എച്ച്.എസ്.എസിലായിരുന്നു പ്രവേശനോത്സവം ഉദ്ഘാടനം. വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തും പുതിയ അധ്യയന വര്‍ഷത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങളും പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇത്തവണയും കൃത്യസമയത്ത് പാഠപുസ്തകവും യൂണിഫോമും കുട്ടികള്‍ക്ക് നല്‍കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ക്ലാസ് മുറികള്‍ ഹൈടെക്കായി. റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കി. വിദ്യാഭ്യാസത്തിനും വിനോദത്തിനും ഒട്ടേറെ സാധ്യതകളുള്ള ഇടമാക്കി വിദ്യാലയങ്ങളെ മാറ്റി. പുതിയ കാലവും പുതിയ ലോകവുമാണ്. ഇത് നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് പൊതുവിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാന്‍ നാടിന് ഉത്തരവാദിത്തമുണ്ട്’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒന്നാം ക്ലാസ്സിലേക്ക് ഇതുവരെ വന്നുചേര്‍ന്നത് രണ്ട് ലക്ഷത്തിനാല്‍പത്തി നാലായിരത്തി അറുന്നൂറ്റി നാല്‍പത്തിയാറ് കുട്ടികളാണ്.