ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിക്കുന്നതിനു മുന്നേ വിജയം നേടിയ ഒരു മണ്ഡലമുണ്ട് ബിജെപിക്ക്. വിജയപട്ടികയിൽ ബിജെപി ആദ്യം ചേർത്തുവച്ചിരിക്കുന്ന ആ മണ്ഡലം സൂറത്ത് ആണ്. കോൺഗ്രസ് സ്ഥാനാർത്ഥി നീലേഷ് കുംഭാണിയുടെ നാമനിർദേശ പത്രിക തള്ളിപ്പോയതോടെയാണ് സൂറത്തിൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ ജയമുറപ്പിച്ചത്. പത്രിക സമർപ്പിച്ച മറ്റ് സ്ഥാനാർത്ഥികൾ അവ പിൻവലിക്കുകയും ചെയ്തിരുന്നു.
പത്രിക തള്ളിപ്പോയതിനെത്തുടർന്ന് സൂറത്തിൽ നിന്ന് അപ്രത്യക്ഷനായ കുംഭാണി 20 ദിവസങ്ങള്‍ക്കുശേഷമാണ് തിരിച്ചെത്തിയത്. പിന്താങ്ങിയവരുടെ ഒപ്പുകൾ വ്യാജമാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് കുംഭാണിയുടെ നാമനിർദ്ദേശ പത്രിക തള്ളിയത്. എന്നാൽ, ഇക്കാര്യം തനിക്കറിയില്ലെന്നാണ് അദ്ദേഹം ലാദിച്ചത്.
കോണ്‍ഗ്രസ് അദ്ദേഹത്തെ ആറുവര്‍ഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുമുണ്ട്. ബിജെപിയെ സംബന്ധിച്ച് കഴിഞ്ഞ രണ്ട് ടേമായി ഫിക്സഡ് ഡിപ്പോസിറ്റാണ് നരേന്ദ്രമോദിയുടെ ഗുജറാത്ത്. 2019ല്‍ കോണ്‍ഗ്രസും ബിജെപിയും മുഖാമുഖം മത്സരിച്ച ഗുജറാത്തില്‍ മത്സരിച്ച 26 സീറ്റിലും ബിജെപി വിജയിച്ചിരുന്നു.
2014ലും 26ൽ 26 സീറ്റുകളും ബിജെപി ഗുജറാത്തിൽ നേടിയിരുന്നു. അതേസമയം കേരളത്തിലെ മൂന്ന് സീറ്റുകളിൽ എക്സിറ്റ് പോളുകളിൽ വിജയ സാധ്യത പ്രവചിച്ചിരിക്കുകയാണ്. തൃശൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളും, പത്തനംതിട്ട, ആലപ്പുഴ , കോട്ടയം മണ്ഡലവും ബിജെപി പ്രതീക്ഷ വെച്ച് പുലർത്തുന്ന മണ്ഡലങ്ങളാണ്.