വോട്ടെണ്ണൽ ചൂടിൽ സ്വർണവിലയിലും കുതിപ്പ്: ഒറ്റയടിക്ക് കൂടിയത് 560 രൂപ


കൊച്ചി: കേരളം വോട്ടെണ്ണലിന്റെ ചൂടും ചൂരും അറിയുമ്പോൾ സംസ്ഥാനത്ത് സ്വർണവിലയിലും കുതിപ്പ്. നിലവില്‍ 53,500 രൂപയിലേക്കാണ് സ്വര്‍ണവില കുതിച്ചത്. ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവാണ് സ്വർണവിലയേയും ബാധിച്ചിരിക്കുന്നത്. ഇന്ന് ഒറ്റയടിക്ക് പവന് 560 രൂപയാണ് വര്‍ധിച്ചത്. 53,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കൂടിയത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

20ന് 55,120 രൂപയായി സ്വര്‍ണവില ഉയർന്നിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് തിരിച്ചുകയറിയത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.