ബിജെപിയെ നേരിടാൻ നിങ്ങള്‍ ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്: ഗായകൻ അനൂപ് ശങ്കർ


വീണ്ടും അധികാരത്തിലെത്തിയ എൻഡിഎ സംഘത്തെ പ്രശംസിച്ച്‌ ഗായകൻ അനൂപ് ശങ്കർ. ജനങ്ങള്‍ അവരുടെ വിശ്വാസം ബിജെപിയെ ഏല്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്നും പരീക്ഷയില്‍ തോറ്റിട്ടും പ്രതിപക്ഷ കക്ഷികള്‍ കാണിക്കുന്ന ആഘോഷം വിരോധാഭാസമാണെന്നും ഗായകൻ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. സുരേഷ് ഗോപിയുടെ വിജയത്തെയും തമിഴ്നാട്ടില്‍ അണ്ണാമലൈ നടത്തിയ പോരാട്ടത്തെയും അഭിനന്ദിച്ചുകൊണ്ട് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

read also: പിടിഐ നേതാവ് സനം ജാവേദ് വീണ്ടും അറസ്റ്റിൽ

കുറിപ്പ് പൂർണ്ണ രൂപം,

“തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എനിക്ക് മൂന്ന് കാര്യങ്ങള്‍ പങ്കിടാനുണ്ട്. ഒന്ന്, ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റിയാണ്. ജനങ്ങള്‍ അവരുടെ വിശ്വാസം വീണ്ടും ബിജെപിയെ ഏല്‍പ്പിച്ചു. ബിജെപിയും അവരുടെ സഖ്യകക്ഷികളും തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്നു. ഇങ്ങനെയൊരു പ്രതിഭാസം ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സംഭവിക്കുന്നത്. ഈ സർക്കാർ വർഷങ്ങളായി എത്രത്തോളം കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. നരേന്ദ്രമോദി ജി, താങ്കള്‍ ഭാരതത്തിലെ ഏറ്റവും വലിയ പ്രധാനമന്ത്രിമാരില്‍ ഒരാളായി നിലകൊള്ളുന്നു.

ബി.ജെ.പി നേരിട്ട പ്രതിസന്ധി എന്തെന്നാല്‍ അവരുടെ ലക്ഷ്യം മറികടക്കാൻ കഴിഞ്ഞില്ല എന്നതാണ്. ഇത് ഭാരതീയ ജനതാ പാർട്ടിക്ക് ആത്മപരിശോധനയ്‌ക്കും ആ പാർട്ടിയുടെ വളർച്ചയ്‌ക്കും സമയം അനുവദിക്കുന്നു. ജനങ്ങളാണ് ആത്യന്തിക വിധി കർത്താക്കള്‍. ഓരോ വിധിയും നമുക്ക് മെച്ചപ്പെടുത്താനും നിലനില്‍ക്കാനും വേണ്ടിയാണ്. ഇത്തവണ പ്രതിപക്ഷ സഖ്യത്തിന് ഒരു മെച്ചപ്പെട്ട സംഖ്യ കണ്ടതില്‍ സന്തോഷമുണ്ട്. പക്ഷെ, ബിജെപിയെ നേരിടാൻ നിങ്ങള്‍ ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. പരീക്ഷയില്‍ തോറ്റിട്ടും നിങ്ങള്‍ നടത്തുന്ന ആഘോഷം ഒരു വിരോധാഭാസമാണ്. വിനീതമായി ഇൻഡി സഖ്യത്തെ ഒരു കാര്യം ഓർമ്മപ്പെടുത്തുകയാണ്. നിങ്ങളുടെ എല്ലാ സീറ്റുകളും കൂട്ടിയാല്‍ പോലും ഭാരതീയ ജനതാ പാർട്ടി ഒറ്റയ്‌ക്ക് നേടിയ സീറ്റുകളേക്കാള്‍ കുറവാണ്. അതും ലോകത്തിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള ഒരു രാജ്യത്ത്.

രണ്ടാമത്തെ കാര്യം, കേരളത്തിലും താമര വിരിഞ്ഞു. സുരേഷ് ഗോപി അല്ലാതെ കേരളത്തില്‍ താമര വിരിയിക്കാൻ ഇതിലും നല്ല ആളില്ല. എല്ലാ പരിഹാസങ്ങള്‍ക്കും മുറിപ്പെടുത്തലുകളുടെയും നടുവില്‍ നിന്നുകൊണ്ട് അദ്ദേഹം പൊരുതി ചരിത്രം രചിച്ചു. എല്ലാ അർത്ഥത്തിലും ഹീറോ. തൃശൂരിന് അവരുടെ തീരുമാനത്തില്‍ അഭിമാനിക്കാം. മനുഷ്യസ്‌നേഹിയായ സുരേഷേട്ടൻ തൃശൂരിനും കേരളത്തിനും വേണ്ടി തീർച്ചയായും അത്ഭുതങ്ങള്‍ സൃഷ്ടിക്കും. അദ്ദേഹം ചെയ്തപോലെ പാർലമെൻ്റംഗങ്ങളില്‍ അധികമാരും ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. സുരേഷേട്ടന് അഭിനന്ദനങ്ങള്‍.

മൂന്നാമത്, ഈ തെരഞ്ഞെടുപ്പില്‍ നായകൻ ആരാണെന്ന് ചോദിച്ചാല്‍ ഞാൻ പറയും, ഭാരതീയ ജനതാ പാർട്ടിക്ക് വേണ്ടി ഒറ്റയ്‌ക്ക് പോരാടിയ കുപ്പുസ്വാമി അണ്ണാമലൈ എന്ന്. നിങ്ങളുടെ പാതയില്‍ ഉറച്ച്‌ വിശ്വസിക്കൂ സർ, നിങ്ങള്‍ ഒരു വിപ്ലവത്തിന് തുടക്കമിട്ട് കഴിഞ്ഞിരിക്കുന്നു. തമിഴ്നാട് അത് ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പാണ്. നിങ്ങള്‍ എല്ലാവർക്കും പ്രചോദനമാണ്. ഞാൻ കണ്ട ഏറ്റവും വലിയ രാജ്യസ്നേഹികളില്‍ ഒരാള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവം മഹത്തായ വിജയമാക്കിയ എല്ലാ പാർട്ടി പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. വന്ദേമാതരം” – എന്നാണ് അനൂപ് ശങ്കർ സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചത്.