ബിജെപിയുടെ തീപ്പൊരി നേതാവ് വിറപ്പിച്ചത് രണ്ടു പാർട്ടികളെയും: കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും വോട്ടുകൾ പിടിച്ചെടുത്തു
ആലപ്പുഴ: പതിവായി സിപിഎമ്മിന്റെ പോക്കറ്റിൽ വീണിരുന്ന ഈഴവ ദളിത് വോട്ടുകൾ ഇത്തവണ പോയത് ബിജെപിയുടെ ശോഭ സുരേന്ദ്രന്. ഇതിന്റെ ഞെട്ടലിലാണ് നേതൃത്വം. വളരെ മുൻപേ തന്നെ പാർട്ടിയുടെ മത പ്രീണനത്തിൽ പ്രവർത്തകർക്കിടയിൽ അതൃപ്തി ഉണ്ടായിരുന്നു. ഇതിനെതിരെ പലരും പ്രതികരിക്കുകയും പാർട്ടി വിട്ടു പോകുകയും ചെയ്തിരുന്നു. പാർട്ടിക്കുള്ളിൽ കടന്നു കൂടിയിട്ടുള്ള മതതീവ്രവാദികൾക്കെതിരെ പ്രവർത്തകർ നേതൃത്വത്തിന് പരാതി പറഞ്ഞിട്ടും പ്രയോജനം ഉണ്ടായില്ല.
ഇതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിൽ കാണാനായത്. ആലപ്പുഴയിൽ സി.പി.എം. സ്ഥാനാർഥിക്ക് കഴിഞ്ഞതവണത്തേക്കാൾ 1,04,923 വോട്ടാണു കുറഞ്ഞത്. ബി.ജെ.പി. സ്ഥാനാർഥിക്ക് 1,11,919 വോട്ടു കൂടുകയും ചെയ്തു. കോൺഗ്രസിനു കുറഞ്ഞത് 30,936 വോട്ടും. കോൺഗ്രസിൽനിന്നും ബി.െജ.പി.ക്കു വോട്ടുപോയിട്ടുണ്ടാകാമെങ്കിലും കനത്ത നഷ്ടം സി.പി.എമ്മിനാണ്.
ഈഴവസമുദായത്തിനു മേൽക്കൈയുള്ള നിയമസഭാമണ്ഡലമാണ് ചേർത്തല. കഴിഞ്ഞതവണ സി.പി.എം. സ്ഥാനാർഥി എ.എം. ആരിഫിന് അവിടെ 16,894 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതാണ്. ഇത്തവണ 843 വോട്ടിന് കെ.സി. വേണുഗോപാൽ മുന്നിലെത്തി. എന്നാൽ, സി.പി.എമ്മിനെ ഞെട്ടിക്കുന്നത് ശോഭാ സുരേന്ദ്രൻ അവിടെനിന്നു നേടിയ 40,474 വോട്ടാണ്. സി.പി.എമ്മിന്റെ ഏതുസ്ഥാനാർഥി നിന്നാലും 500-600 വോട്ടിനു മുന്നിലെത്തുന്ന ബൂത്തുകളിൽപ്പോലും നാട്ടുകാരിയല്ലാത്ത ശോഭ മേൽക്കൈ നേടി.
കഴിഞ്ഞതവണ മുന്നിലായിരുന്ന കായംകുളത്ത് മൂന്നാമതായതും സി.പി.എമ്മിനെ വിറപ്പിച്ചു. ആഭ്യന്തരപ്രശ്നമാണ് ഇതിനു കാരണമെന്നു പറയുന്നുണ്ടെങ്കിലും അവിടെയും ഈഴവ ഭൂരിപക്ഷ പ്രദേശങ്ങളിലാണു ചോർച്ച. വലിയ പ്രചാരണത്തിനിറങ്ങാത്ത മേഖലകളിൽപ്പോലും ബി.ജെ.പി.ക്കാണു ഭൂരിപക്ഷം.
ഹരിപ്പാട്ട് പാർട്ടി മൂന്നാമതായെന്നു മാത്രമല്ല, രണ്ടാമതുള്ള ബി.ജെ.പി.യെക്കാൾ 5,352 വോട്ടു കുറയുകയും ചെയ്തു. മുൻപ്, കെ.ആർ. ഗൗരിയമ്മ പാർട്ടി വിട്ടപ്പോഴും വി.എസ്. അച്യുതാനന്ദൻ ഇടഞ്ഞുനിന്നപ്പോഴുമൊന്നും ഉണ്ടാകാത്ത ധ്രുവീകരണമാണ് ഇപ്പോഴുണ്ടായത്. ഇതാണ് പാർട്ടിയെ ഞെട്ടിക്കുന്നതും.