ബൈക്കപകടത്തിൽ പെട്ട് രാത്രി മുഴുവൻ ഓടയിൽ, പ്രഭാത സവാരിക്കിറങ്ങിയവർ കണ്ടത് മൃതദേഹം : ഡിവൈഎഫ്ഐ നേതാവിന് ദാരുണാന്ത്യം


പുതുപ്പള്ളി: ഡിവൈഎഫ്ഐ നേതാവിനെ ചാലുങ്കൽപ്പടിക്ക് സമീപം ബൈക്കപകടത്തിൽ പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. രാത്രി മുഴുവൻ പരിക്കേറ്റ് ഓടയിൽ കിടന്ന യുവാവിനെ രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് കണ്ടത്. ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പില്‍ സി ആര്‍ വിഷ്ണുരാജ് (30) ആണു മരിച്ചത്. പ്രദേശത്തു വെളിച്ചമില്ലാതിരുന്നതിനാല്‍ അപകടം ആരുമറിഞ്ഞില്ലെന്നാണ് നിഗമനമെന്ന് പോലീസ് അറിയിച്ചു. പുലര്‍ച്ചെ നടക്കാനിറങ്ങിയവർ ചാലുങ്കല്‍പടിക്കും തറയില്‍പാലത്തിനും ഇടയില്‍ പലചരക്കുകടയുടെ സമീപം ബൈക്ക് മറിഞ്ഞുകിടക്കുന്നത് കണ്ടു. തുടർന്ന് സമീപത്ത് നടത്തിയ പരിശോധനയിൽ ഓടയില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തി.

പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി പിആര്‍ഒ ആയിരുന്നു വിഷ്ണു. ഡിവൈഎഫ്‌ഐ ഇത്തിത്താനം മേഖലാ കമ്മിറ്റിയംഗവും പീച്ചങ്കേരി യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. ആശുപത്രിയില്‍നിന്നു രാത്രി ഒന്‍പതോടെ വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു. എങ്ങനെ അപകടത്തില്‍പെട്ടെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി അപകടത്തില്‍പെട്ടതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നു ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തും. പിതാവ്: രഘുത്തമന്‍. അമ്മ: വിജയമ്മ. ഭാര്യ: അര്‍ച്ചന. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് സംസ്‌കരിക്കും.