ഇനി തൃശൂരാണ് എന്റെ കിരീടം, എന്റെ ആദ്യത്തെ ഉദ്യമം തൃശൂര്‍ പൂരം : തൃശൂരിനെ ഇളക്കി മറിച്ച് സുരേഷ് ഗോപി


തൃശൂര്‍: സുരേഷ് ഗോപിക്ക് തൃശൂരില്‍ വമ്പന്‍ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍. ഭാരിച്ച ഒരു സ്‌നേഹവായ്പ്പാണ് ഈ വിജയമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഈ ഭാരം എല്ലാവരുടെയും തൃപ്തിയിലേക്ക് എന്റെ ഉത്തരവാദിത്തം നിറവേറ്റും. അഞ്ച് വര്‍ഷത്തെ ഓരോ ദിവസവും തൃശൂരിന്റെ പ്രവര്‍ത്തനത്തിനാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

വീട്ടമ്മമാരുടെയും ചെറുപ്പക്കാരുടെയും എല്ലാവരുടെയും വോട്ടുകള്‍ ഗുണം ചെയ്തു. തൃശൂരില്‍ സ്ഥിര താമസം പോലെ തന്നെ ഉണ്ടാകും. ഗുരുവായൂരില്‍ ഇനിയും വരും. ഇനി തൃശൂരാണ് എന്റെ കിരീടം. എന്റെ ആദ്യത്തെ ഉദ്യമം തൃശൂര്‍ പൂരം. പുതിയ നടത്തിപ്പിനുള്ള കാര്യങ്ങള്‍ ചെയ്യും. അത് ഇത്തവണ നടപ്പിലാക്കും.

ബിജെപി മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷങ്ങളാണ് തൃശൂരില്‍ അരങ്ങേറുന്നത്.നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപിക്ക് അവിടെയും വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.

വിമാനത്താവളത്തില്‍ നിന്ന് പുറത്തുവന്ന അദ്ദേഹത്തെ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. ഇവിടെ നിന്ന് സ്വന്തം വാഹനത്തിലാണ് അദ്ദേഹം തൃശൂരിലേക്ക് എത്തിയത്.