നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയെന്ന സുഹൃത്തിനെക്കുറിച്ച് മാധ്യമപ്രവർത്തകൻ ലീന ജെസ്‌മസ് പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. മറ്റേതൊരു രാഷ്ട്രീയക്കാരനുമപ്പുറം ,ചെയ്യാനുറച്ചു വെച്ച എത്രയോ കാര്യങ്ങൾ സുരേഷ് ഗോപി ചെയ്തിട്ടുണ്ടെന്നു കുറിപ്പിൽ പറയുന്നു.
read also: മദ്യപിക്കാൻ പണം വേണം: ചുറ്റിക കൊണ്ട് മധ്യവയസ്കന്റെ തല അടിച്ചുപൊട്ടിച്ച് അതിഥി തൊഴിലാളി, അറസ്റ്റ്
പോസ്റ്റ്
ഇതൊരു രാഷ്ട്രീയ കുറിപ്പല്ല .തെരെഞ്ഞെടുപ്പ് ആരവങ്ങൾക്കിടയിൽ ഇത്തരമൊരു കുറിപ്പ് രാഷ്ട്രീയമായി വായിക്കപ്പെടുമെന്നതിനാൽ മാറ്റിവെച്ചിരുന്ന എഴുത്താണ് .എന്നാൽ ,മുപ്പതിലേറെ കൊല്ലമായി അടുത്തറിയാവുന്ന ഒരാളിനെക്കുറിച്ച് എഴുതപ്പെടാതിരിക്കാൻ പാടില്ലെന്ന് തോന്നുന്നതിനാൽ എഴുതിപ്പോകുന്ന കുറിപ്പ് . സുരേഷ് ഗോപിയെ കുറിച്ചാണ് .
എ.കെ.ആന്റണിക്ക് ശേഷം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭയുടെ അവസാന കാലം .. സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചുള്ള വമ്പൻ പരസ്യങ്ങൾ പത്രങ്ങളിൽ ഇടം പിടിച്ചിരുന്ന കാലം .അത്തരത്തിൽ ഒരു പരസ്യത്തെ എൻ .ടി വി “,അണിയറ”യിലൂടെ ഏറ്റെടുത്തു .(സൂര്യ ടി .വി യിൽ സംപ്രേഷണം ചെയ്തു പോന്ന വാർത്താധിഷ്ഠിത പരിപാടി ആയിരുന്നു അണിയറ)
ഒരു സ്ത്രീയുടെ ചിത്രം നൽകി അതിനൊപ്പം “ഞങ്ങൾക്ക് വീടുണ്ട് ,വീട്ടിലേക്ക് വഴിയുണ്ട് ,ഭർത്താവിന് ജോലിയുണ്ട് ..സർക്കാരിന് നന്ദി ” എന്ന തരത്തിലായിരുന്നു പരസ്യം .കേരളത്തിലെ ഈ ഭാഗ്യവതിയായ സ്ത്രീ ആരാണ് ? എന്ന ചോദ്യമുയർത്തി അണിയറ ഒരു പ്രോമോ വീഡിയോ നിർമ്മിച്ച് സംപ്രേഷണം ചെയ്തു.
പരസ്യത്തിലെ സ്ത്രീയെ കണ്ടെത്താൻ പ്രേക്ഷക സഹായം തേടിയായിരുന്നു ഇത് .NTV ,TRIVANDRUM 1 എന്ന മേൽവിലാസത്തിലേക്ക് വന്ന കത്തുകളിൽ ഒന്നിൽ ആ ഫോട്ടോയിലെ സ്ത്രീയുടെ വിലാസം ഉണ്ടായിരുന്നു .
ആലപ്പുഴ ജില്ലയിലെ അർത്തുങ്കലിലേക്ക് എൻ ടി വി റിപ്പോർട്ടർ ഉണ്ണികൃഷ്ണനെ അയച്ചു.”സൂസി “അതായിരുന്നു ആ മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ സ്ത്രീയുടെ പേര് .വീടെന്ന് പറയാൻ പേരിനൊരു ചായ്പ്പ് .സ്ഥിരം തൊഴിലില്ലാത്ത ഭർത്താവ് ..മൂന്ന് പെൺമക്കൾ .തൻ്റെ ചിത്രം സർക്കാർ പരസ്യത്തിൽ വന്നത് പോലും സൂസി അറിഞ്ഞിട്ടില്ല ..മുൻപെപ്പോഴോ ഗ്രാമത്തിലെത്തിയ ഒരു സായിപ്പ് തന്റെ ഫോട്ടോ പിടിച്ചിട്ടുണ്ടെന്നൊരു ഓർമ്മ സൂസിക്കുണ്ട് .
അണിയറ ഈ കഥ ജനങ്ങൾക്ക് മുൻപിലെത്തിച്ചു .സർക്കാർ പരസ്യങ്ങളിലെ കാപട്യം തുറന്നു കാട്ടി .
അണിയറ സംപ്രേഷണം ചെയ്ത ആ ഞായറാഴ്ച വൈകുന്നേരം ഞാൻ കരുനാഗപ്പള്ളിയിലെ എൻ്റെ വീട്ടിലായിരുന്നു .രാത്രിയിൽ വീട്ടിലെ ലാൻഡ് ഫോണിലേക്ക് ഒരു കോൾ എത്തി .
നാട്ടിൽ മൊബൈൽ റേഞ്ച് കുറവായതിനാൽ എന്നെ കിട്ടാതെ വന്നപ്പോൾ ഓഫിസിൽ വിളിച്ചു ലാൻഡ് ഫോൺ നമ്പർ കണ്ടെത്തി വിളിച്ചത് അന്നത്തെ സൂപ്പർ സ്റ്റാറുകളിൽ ഒരാൾ ആയ സുരേഷ് ഗോപി ആയിരുന്നു .
അണിയറ കണ്ട് കഴിഞ്ഞതിന്റെ മുഴുവൻ ആധിയും അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഉണ്ടായിരുന്നു ..” ലീൻ ,മൂന്ന് പെൺകുട്ടികളാണവിടെ ..അവർക്കൊരു അടച്ച കുളിമുറി പോലും ഇല്ലല്ലോ “വേദന കലർന്ന രോഷം പങ്ക് വെച്ചതിനൊപ്പം തൻറെ തീരുമാനം അപ്പോൾ തന്നെ പ്രഖ്യാപിച്ചു ..”ആ വീട്ടിൽ കക്കൂസും കുളിമുറിയും ഞാൻ പണിയിക്കും” ..അവരുടെ വിലാസം കൈമാറുക എന്നതൊഴിച്ച് മറ്റൊന്നും ആവശ്യപ്പെട്ടില്ല .പിന്നെ ,ഹാബിറ്റാറ്റ് നെ സമീപിച്ചതും ആ വീടിനും അവിടുത്തെ പെൺകുഞ്ഞുങ്ങൾക്കും സുരക്ഷ ഉറപ്പാക്കിയതും ഒരു ദൗത്യം പോലെ അദ്ദേഹം പൂർത്തീകരിച്ചതറിഞ്ഞു .
ഏതാണ്ട് പതിനെട്ട് കൊല്ലം മുൻപ് ഇത് നടക്കുമ്പോൾ സുരേഷ്‌ഗോപി രാഷ്ട്രീയക്കാരനല്ല ..അതിന് ശേഷം ,വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി എൻ ടി വി യ്ക്കൊപ്പം തെരുവിലിറങ്ങി ശബ്ദമുയർത്തുമ്പോഴും സുരേഷ് ഗോപി തൻ്റെ രാഷ്ട്രീയം പറഞ്ഞിട്ടില്ല .പക്ഷേ .മറ്റേതൊരു രാഷ്ട്രീയക്കാരനുമപ്പുറം ,ചെയ്യാനുറച്ചു- വെച്ച എത്രയോ കാര്യങ്ങൾ അദ്ദേഹം പങ്ക് വെച്ചിരിക്കുന്നു .
രാഷ്ട്രീയം പറയാത്ത ,രാഷ്ട്രീയത്തിൽ പ്രവർത്തിക്കാത്ത കാലത്ത് സുരേഷ് ഗോപിക്ക് ,എന്തൊക്കെ ചെയ്യാനാകുമെന്നും ,ചെയ്യാൻ ആഗ്രഹമുണ്ടെന്നും അടുത്ത് നിന്നറിഞ്ഞ ഒരാൾ എന്ന നിലയിൽ എന്നും അദ്ദേഹത്തെ അങ്ങനെ കാണാൻ ആണിഷ്ടം .
ഏത് പുതിയ പദവിയും ,രാഷ്ട്രീയത്തിന് അതീതമായി സുരേഷ്‌ഗോപിയുടെ സേവന താത്പര്യങ്ങൾക്ക് കരുത്ത് നൽകുന്നതാകട്ടെ എന്നാഗ്രഹിക്കുന്നു .