കൊടിമരം നീക്കി, വനപാലകരുടെ കൈവെട്ടുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി, അടവി ഇക്കോ ടൂറിസം അനിശ്ചിതകാലത്തേക്ക് അടച്ചു
തണ്ണിത്തോട്: അടവി ഇക്കോടൂറിസം കേന്ദ്രത്തിനു സമീപം സി.ഐ.ടി.യു. തൊഴിലാളികള്‍ സ്ഥാപിച്ച കൊടിമരം വനംവകുപ്പ് ഉദ്യോഗസ്ഥർ പിഴുതുമാറ്റിയതിനെ തുടർന്ന് സംഘർഷം. കൊടിമരം നീക്കിയതില്‍ പ്രതിഷേധിച്ച് ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സി.ഐ.ടി.യു. പ്രവർത്തകർ റാലി നടത്തുകയും പകരം കൊടിമരം സ്ഥാപിക്കുകയും ചെയ്തു. ഈ യോഗത്തില്‍ പ്രസംഗിച്ച സി.പി.എം. തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി വനപാലകരുടെ കൈവെട്ടുമെന്ന് ഭീഷണി മുഴക്കിയതായി വനപാലകർ പറഞ്ഞു.
read also: KSRTC ബസില്‍ പോസ്റ്ററൊട്ടിച്ച് എന്റെ മുഖം ആരെയും കാണിക്കേണ്ടതില്ല, കണ്ടാല്‍ കീറിക്കളയണം : ഗണേഷ് കുമാര്‍
അനുമതിയില്ലാതെ കൊടിമരം സ്ഥാപിച്ചതിനാലാണ് നടപടി എടുത്തതെന്ന് വനപാലകർ വിശദീകരിച്ചു. ഇവിടെയുള്ള എ.ഐ.യു.ടി.സി. യൂണിയൻ കൊടിമരം സ്ഥാപിക്കാൻ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോന്നി ഡി.എഫ്.ഒ.യ്ക്ക് കത്ത് നല്‍കി.
എന്നാൽ, ഭീഷണി പരാമർശം ബോധപൂർവം നടത്തിയതല്ലെന്നും പ്രസംഗത്തിനിടെ പറഞ്ഞുപോയതാണെന്നും സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് കെ. ഹരിദാസ് പറഞ്ഞു. മുണ്ടോമൂഴി മണ്ണീറ റോഡരികിലാണ് കൊടിമരം സ്ഥാപിച്ചത്. അത് പഞ്ചായത്ത് റോഡാണെന്നും അദ്ദേഹം പറഞ്ഞു. ഈ സംഘർഷാവസ്ഥയിൽ അടവി ഇക്കോ ടൂറിസം അനിശ്ചിതകാലത്തേക്ക് അടച്ചു.