ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ലോക നേതാക്കള്‍ക്ക് ക്ഷണം. ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ക്ഷണം ലഭിച്ചതായി ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ ഓഫീസിലെ മാധ്യമ വിഭാഗം അറിയിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ നരേന്ദ്ര മോദി ഫോണില്‍ വിളിച്ചതായി നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു.
ഇതിന് പുറമേ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് എന്നിവരെയും ഉടനെ ക്ഷണിക്കുമെന്നാണ് വിവരം. ഔപചാരിക ക്ഷണം ഇന്നുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ശനിയാഴ്ച മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് ബിജെപി നീക്കം. നാളെ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന എന്‍ഡിഎ എംപിമാരുടെ യോഗത്തില്‍ മോദിയെ പാര്‍ലമെന്റിലെ നേതാവായി തെരഞ്ഞെടുക്കും.
നരേന്ദ്ര മോദിയെ എന്‍ ഡി എ യോഗം നേതാവായി നിശ്ചയിച്ചത് ഏകകണ്ഠമായാണ് നേതാക്കള്‍ അറിയിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇക്കാര്യം വ്യക്തമാക്കി ഇരുവരുടെയും പാര്‍ട്ടികളായ ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നല്‍കുകയും ചെയ്തു. ശിവസേനയടക്കമുള്ള പാര്‍ട്ടികളും പിന്തുണക്കത്ത് നല്‍കി.