ഓച്ചിറ: കൊല്ലം ജില്ലയിൽ ഓച്ചിറ, ക്ലാപ്പന, കുലശേഖരം ഗ്രാമപഞ്ചായത്തുകളിലായി നാല്പതോളം പേർക്ക് തെരുവുനായയുടെ കടിയേറ്റു. തെരുവുനായ്ക്ക് പേ വിഷബാധ ഉള്ളതായി ആരോഗ്യപ്രവർത്തകർ സംശയിക്കുന്നു.
പരിക്കേറ്റവരിൽ 23 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, മൂന്നുപേരെ ഓച്ചിറ സാമൂഹികാരോഗ്യ കേന്ദ്രം, അഞ്ചുപേരെ കുലശേഖരപുരം കുടുംബാരോഗ്യ കേന്ദ്രം, ബാക്കിയുള്ളവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി, വിവിധ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെത്തിച്ച് കുത്തിവെപ്പ് നടത്തി.
പ്രയാർ തെക്ക് ഹസ്സൻ കുഞ്ഞ് (45), നസീമ (38), ചങ്ങൻകുളങ്ങര സ്വദേശി മുഹമ്മദ് സഹദാൻ, ക്ലാപ്പന കൃഷ്ണാലയത്തിൽ ഗോപാലകൃഷ്ണന് നായർ (72), ക്ലാപ്പന മുഴുവേലിൽ നാസർ (69), ക്ലാപ്പന സായൂജ്യത്തിൽ ഭാസുര (52), വള്ളിക്കാവ് അമൃതയിൽ മഞ്ജു സിനാൻ (44), ക്ലാപ്പന ഇലയശ്ശേരിൽ രാജേന്ദ്രൻ (46), വരവിള തുയശ്ശേരിൽ ബൻസിഗർ (51).
വള്ളിക്കാവ് പുത്തൻപറമ്പിൽ അമ്പിളി (28), ക്ലാപ്പന ഉദയഭവനത്തിൽ രുഗ്മിണി (71), ക്ലാപ്പനപുളിക്കീഴിൽ തെക്കതിൽ ശോഭ (49), ക്ലാപ്പന പനമൂട്ടിൽ ജനരാജൻ (68), ക്ലാപ്പന, ശിവപുരത്ത് അമർദേവി ((15), കായംകുളം വിശ്വാസ് ഭവനത്തിൽ അനിൽ സമുദ്ര (44), ക്ലാപ്പന പുത്തൻമണ്ണേൽ സുനിൽ (52), ചങ്ങൻകുളങ്ങര ഗുരുഭവനത്തിൽ കലേശൻ (50), വള്ളിക്കാവ് അമൃതയിൽ ബംഗാൾ സ്വദേശി കിഷാൻ (21).
ഓച്ചിറ സൗപർണ്ണികയിൽ അപർണ്ണ (23), ക്ലാപ്പന കാവുചേരിയിൽ വിജി (43), വലിയകുളങ്ങര ശ്രീരത്നത്തിൽ ആദിത്യൻ (18), വലിയകുളങ്ങര ശ്രീരത്നത്തിൽ ഗീത (53), ഓച്ചിറ, പായിക്കുഴി സൗപർണ്ണികയിൽ അപർണ്ണ (24), പായിക്കുഴി വിനയ് ഭവനത്തിൽ ആദിത്യൻ (18), പായിക്കുഴി ശ്രീരത്നത്തിൽ ഗീത (53) എന്നിവർ അടക്കമുള്ളവർക്കാണ് കടിയേറ്റത്.
ശനിയാഴ്ച രാവിലെ 7.30ഓടെ വള്ളിക്കാവ് അമൃത എൻജിനീയറിങ് കോളജിൽ ജോലിനോക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളെയാണ് നായ ആദ്യം കടിച്ചത്. അവിടെ അഞ്ച് വിദ്യാർഥികളെ കടിച്ചതിനുശേഷം കുലശേഖരപുരം, ക്ലാപ്പന, ഓച്ചിറ പഞ്ചായത്തിലൂടെ ഓടിയ നായ വൈകീട്ട് വരെ കണ്ണിൽ കണ്ടവരെയെല്ലാം കടിച്ചു.
പലരും ഓടി രക്ഷപെടുകയായിരുന്നു. വാർഡംഗം അജ്മൽ വിവിരം അറിയിച്ചതോടെ വൈകീട്ട് മൂന്നോടെ നായ പിടുത്തക്കാരനായ ലിബിൻ എത്തി ഓച്ചിറ പായിക്കുഴി തോപ്പിൽ മുക്കിൽവെച്ച് നായയെ പിടികൂടുകയായിരുന്നു.
ഇതിനിടെ വൈകിട്ട് നാലോടെ മറ്റൊരു നായ ക്ലാപ്പനയിൽ ഇറങ്ങി മൂന്നുപേരെയും രണ്ടു ആടിനേയു കടിച്ചതായും നാട്ടുകാർ പറയുന്നു. വൈകിട്ടും നിരവധി പേർ ഞങ്ങളുടെ കടിയേറ്റ് ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.