സാഹസിക ടൂറിസം മേഖലയില്‍ 23.5 കോടിയുടെ വരുമാനം, 3000 പേര്‍ക്ക് തൊഴില്‍ നല്കി: മുഹമ്മദ് റിയാസിന്റെ പോസ്റ്റ് വിവാദത്തില്‍


കൊച്ചി: ഒരു വര്‍ഷം കൊണ്ട് സാഹസിക ടൂറിസം മേഖലയില്‍ 23.5 കോടിയുടെ വരുമാനം ലഭിച്ചെന്നും 3000 പേര്‍ക്ക് തൊഴില്‍ നല്കിയെന്നും അവകാശപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പങ്കുവച്ച പോസ്റ്റ് വിവാദത്തില്‍. ഫേസ് ബുക്ക് പോസ്റ്റിന് താഴെ മന്ത്രി ജോലി കിട്ടിയ പാരാഗ്ലൈഡിങ് വേഷധാരിയുടെ ചിത്രവും പങ്കുവച്ചതാണ് വിമർശനങ്ങൾക്ക് കാരണം.

read also: കേരള സർവകലാശാലയിൽ സണ്ണി ലിയോണിന്റെ നൃത്ത പരിപാടി: അനുമതി നിഷേധിച്ച് വിസി

പാരാഗ്ലൈഡിങ് മേഖലയില്‍ മികച്ച ജോലി ലഭിക്കാതെ പ്രവാസിയായി ജീവിക്കുന്ന കോട്ടയം ഏന്തയാര്‍ സ്വദേശി ജോബിന്‍ ഏന്തയാറിന്റെ ചിത്രമാണ് മന്ത്രി നൽകിയിരിക്കുന്നത്. ഫോട്ടോ ഒക്കെ ഇടുമ്പോള്‍ ശ്രദ്ധിക്കണ്ടേ അമ്പാനെ എന്ന് പറഞ്ഞ് ജോബിൻ തന്നെ രംഗത്തെത്തി.

പോസ്റ്റിന് കീഴെ ആകെ 5 പടങ്ങള്‍ മന്ത്രി കമന്റായി പങ്കുവച്ചിട്ടുണ്ട്. ഇതില്‍ ആദ്യത്തെ ചിത്രമാണ് ജോബിന്‍ ഏന്തയാറിന്റേത്. കാലങ്ങളായി ഈ മേഖലയില്‍ തുടര്‍ന്നിട്ടും മെച്ചപ്പെട്ട തൊഴിലോ വരുമാനമോ ലഭിക്കാതിരുന്നതോടെയാണ് ഇഷ്ടപ്പെട്ട മേഖലയുപേക്ഷിച്ചു ജോബിന്‍ വിമാനം കയറിയത്. ഒരു മാസം മുമ്പാണ് തൊഴില്‍ തേടി യുകെയിലേക്ക് പോയത്. നിലവില്‍ അവിടെ ജോലി അന്വേഷണത്തിലാണ്. തൊഴിലവസരം സൃഷ്ടിച്ചുവെന്ന് വീമ്പു പറയുമ്പോള്‍ ഈ മേഖലയില്‍ തൊഴില്‍ ലഭിക്കാത്തയാളാണ് താനെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.