ആന്ധ്രയെ നയിക്കാന്‍ ഇനി ചന്ദ്രബാബു നായിഡു: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു


അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി തെലുങ്കുദേശം പാര്‍ട്ടി (ടി ഡി പി) നേതാവ് എന്‍ ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, നടന്മാരായ രജനീകാന്ത്, ചിരഞ്ജീവ് തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

സത്യപ്രതിജ്ഞ ചെയ്ത ശേഷം ചന്ദ്രബാബു നായിഡു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തു. നാലാം തവണയാണ് ടി ഡി പി അധ്യക്ഷന്‍ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. മുഖ്യമന്ത്രിക്ക് പുറമെ ജന സേന പാര്‍ട്ടി (ജെ എസ് പി) നേതാവും നടനുമായ പവന്‍ കല്യാണ്‍, നായിഡുവിന്റെ മകന്‍ നാരാ ലോകേഷ്, മുതിര്‍ന്ന ജെ എസ് പി നേതാവ് നദെന്ദ്‌ല മനോഹര്‍ എന്നിവരുള്‍പ്പെടെ 24 പേര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.