വീണ ജോർജിന്‍റെ ഭർത്താവിന്‍റെ കെട്ടിടത്തിനായി ഓടയുടെ ഗതിമാറ്റിയെന്ന് ആരോപണം: സ്ഥലം അളക്കാൻ ഉത്തരവിട്ട് കളക്ടർ
പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനു മുന്നിൽ ഓട റോഡിലേയ്ക്ക് ഇറക്കി നിർമ്മിച്ചുവെന്ന ആക്ഷേപത്തിൽ സ്ഥലം അളന്ന് പരിശോധിക്കാൻ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിർദേശം. ഏഴംകുളം – കൈപ്പട്ടൂർ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജ്ജിന്‍റെ ഭർത്താവിനെതിരെ സിപിഎം പഞ്ചായത്ത് പ്രസിഡന്റാണ് രംഗത്ത് വന്നത്.
മന്ത്രിയുടെ ഭര്‍ത്താവ് ജോർജ്ജ് ജോസഫ് ഇടപെട്ട് ഓവുചാലിൻ്റെ അലൈൻമെന്‍റിൽ മാറ്റം വരുത്തുന്നുവെന്നാണ് കൊടുമൺ പഞ്ചായത്ത് പ്രസിഡന്‍റ് ആരോപിക്കുന്നത്. ജോർജ്ജ് ജോസഫിൻ്റെ കെട്ടിടത്തിന് മുന്നിൽ ഓടയുടെ അലൈൻമെന്‍റ് മാറിയെന്ന് ആരോപിച്ച് ഓട നിർമ്മാണം പഞ്ചായത്ത് പ്രസിഡന്‍റും കോൺഗ്രസും ചേര്‍ന്ന് തടഞ്ഞു. മന്ത്രിയുടെ ഭർത്താവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്‍റ് കെകെ ശ്രീധരൻ ആരോപിക്കുന്നു.
ഓടയുടെ ഗതി മാറ്റിയെന്ന ആക്ഷേപം ഉയർന്ന കൊടുമൺ ഭാഗത്തെ റോഡും പുറമ്പോക്കും പരിശോധിച്ച് തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകും. അതേസമയം, മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിനെതിരെ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ പഞ്ചായത്ത് പ്രസിഡന്‍റ് ഉന്നയിച്ച ആരോപണത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമായി.
മന്ത്രിയുടെ ഭർത്താവിനെതിരായ സിപിഎം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ തുറന്നുപറച്ചിലിൽ പാർട്ടിക്കുള്ളിൽ വിവാദം പുകയുകയാണ്. ഏരിയ, ലോക്കൽ കമ്മിറ്റികൾക്ക് പുറമെ ജില്ലാ നേതൃത്വത്തിലെ മുതിർന്ന നേതാക്കളും കെകെ ശ്രീധരനെ പിന്തുണയ്ക്കുന്ന നിലപാടിലേക്ക് എത്തി. അതിനിടെ, റോഡ് നിർമ്മാണം ആകെ അട്ടിമറിച്ചെന്ന് ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയും പ്രതിഷേധം ശക്തമാക്കി.
കൊടുമൺ സ്റ്റേഡിയം ഭാഗത്ത് റോഡിന്‍റെ ഇരുവശമുള്ള ഭൂവുടമകൾക്ക് നോട്ടീസ് നൽകും. മന്ത്രിയുടെ ഭർത്താവിന്‍റെ കെട്ടിടത്തിന്‍റെ മുൻവശത്തിന് പുറമെ, പുറംമ്പോക്ക് കയ്യേറിയെന്ന് പരാതി വന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസടക്കം എല്ലാം അളന്നു പരിശോധിക്കാനാണ് തീരുമാനം. ഓടയുടെ അലൈൻമെന്‍റ് മാറ്റാൻ ഒരുഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മന്ത്രി വീണ ജോർജ്ജിന്‍റെ ഭർത്താവ് ജോർജ്ജ് ജോസഫ്.