ആക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു



കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന. മാളിലെ അഞ്ചാം നിലയില്‍ നിന്നാണ് തീപടര്‍ന്നത്. ഒരു ഫുഡ് കോര്‍ട്ടില്‍ നിന്നാണ് തീപിടിത്തം ഉണ്ടായത്. പുക മറ്റു നിലകളിലേക്ക് പടര്‍ന്നു. നാല് ഫയര്‍എഞ്ചിനുകള്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തീ മറ്റ് നിലകളിലേക്ക് പടര്‍ന്നു. തുടര്‍ന്ന് കൂടുതല്‍ ഫയര്‍എഞ്ചിനുകള്‍ എത്തിച്ച് തീ അണക്കാനുള്ള ശ്രമം നടക്കുകയാണ്. മാളില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read Also: വിമാനടിക്കറ്റ് ഉള്‍പ്പെടെ വച്ചാണ് അപേക്ഷ നല്‍കിയത്, കുവൈറ്റിലേക്കുള്ള യാത്രാനുമതി കേന്ദ്രം നിഷേധിച്ചതില്‍ ആരോഗ്യമന്ത്രി

അതേസമയം, കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് നാട് അന്ത്യാഞ്ജലി അര്‍പ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമര്‍പ്പിച്ച് അന്തിമോപചാരമര്‍പ്പിച്ചു.

പൊലീസിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്തിമോപചാരം. കണ്ണീരടക്കാനാകാതെ വിതുമ്പിയ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാകാതെ ഒപ്പമുണ്ടായിരുന്നവരും കുഴങ്ങി. വൈകാരിക രംഗങ്ങള്‍ക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്.