ഷാപ്പിലെ കറിയെക്കാൾ അടിപൊളി! മീൻ തലക്കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ


കേരളീയർക്ക് മീൻ കറിയെക്കാളും കൂടുതൽ ഇഷ്ടം മീനിന്റെ തലക്കറി ആയിരിക്കും. ഇത് പലരും പറഞ്ഞു കേട്ടിട്ടുള്ളതാണ്. എങ്ങനെയാണ് ഷാപ്പിലെ മീൻ കറിയും ഹോട്ടലിലെ മീൻകറിയും ഇത്രയും സ്വാദ് ? ഈ മീൻ കറിയുടെ പേരിൽ അല്ലെങ്കിൽ തലക്കറിയുടെ പേരിൽ ഫേമസ് ആയിട്ടുള്ള സ്ഥലങ്ങൾ പോലും ഉണ്ട്. അങ്ങനെ അത് അത്രമാത്രം അറിയപ്പെടുന്നതെങ്കിൽ ആ കറിയിൽ ചേർക്കുന്ന ചേരുവകളുടെ പ്രത്യേകത കൊണ്ടായിരിക്കണം. ആ ഒരു പ്രത്യേകത എന്താണ് എന്നാണ് നമ്മൾ നോക്കേണ്ടത്.

ആദ്യമായി ഏതെങ്കിലും ഒരു വലിയ മീനിന്റെ തല മാത്രമായി മാറ്റി ക്ലീൻ ചെയ്ത് എടുത്തുവയ്ക്കുക. അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് പച്ച വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് പച്ചമുളക്, ചെറിയ ഉള്ളി, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റുക. ശേഷം ഇതിൽ തന്നെ, മഞ്ഞൾപ്പൊടിയും, ഉലുവപ്പൊടി, ജീരകത്തിന്റെ പൊടി, മുളക് പൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി ഇത്രയും ചേർത്ത് ഇത് നന്നായിട്ടൊന്ന് വഴറ്റിയെടുക്കുക. ഇത് നന്നായി വഴന്നു കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പുകൂടെ ചേർത്തു കൊടുക്കണം.

നല്ലൊരു കളർ ആയി കഴിയുമ്പോൾ മാത്രം അതിലേക്ക് പുളി പിഴിഞ്ഞത് കൂടി ഒഴിച്ചു കൊടുക്കുക. ശേഷം ഇതൊന്നു ഇളക്കി യോജിപ്പിച്ച് തിളച്ചു കഴിഞ്ഞാൽ ഇതിലേക്ക് മീൻ തല വെച്ചുകൊടുത്ത് അതിനു മുകളിലായി കുറച്ച് തക്കാളി അരിഞ്ഞതും കുറച്ചു കറിവേപ്പിലയും ചേർത്തതിനു ശേഷം ചെറിയ തീയിൽ അടച്ചുവെച്ച് വേവിക്കുക. ഇടയ്ക്കിടെ ചട്ടി വട്ടം കറക്കി ഇളക്കുക. തവി ഇട്ട് ഇളക്കരുത്. ഒരു പുറം വെന്തു കഴിഞ്ഞാൽ മറ്റേ പുറവും തിരിച്ചു വെക്കുക. കറി വീണ്ടും മൂടി വെക്കുക. കറി വറ്റിയ ശേഷം കറിവേപ്പില തൂവി അൽപ്പം വെളിച്ചെണ്ണ കൂടി ഒഴിച്ച് ഇറക്കി വെക്കുക. അടിപൊളി മീൻ തലക്കറി റെഡിയായി. ചൂടോടെ ചോറിനൊപ്പവും കപ്പയുടെ ഒപ്പവും ഇത് കഴിക്കാം.