ശ്വാസം മുട്ടിച്ച് ലൈം​ഗികസുഖം നേടുന്ന അസ്ഫിക്സോഫീലിയ അപകടം പിടിച്ചത് : പരാജയപ്പെട്ടാൽ മരണം ഉറപ്പ്


വി​ദേശ രാജ്യങ്ങളിൽ പ്രതിവർഷം ആയിരത്തിലധികം പേരുടെ ജീവനെടുക്കുന്ന വില്ലനാണ് അസ്ഫിക്സോഫീലിയ. ശ്വാസം മുട്ടിച്ച് തലച്ചോറിലേയ്ക്കുള്ള ഓക്സിജൻ വിതരണത്തിൽ കുറവുണ്ടാക്കി അതുവഴി ലൈംഗികസുഖം നേടുന്ന അവസ്ഥയാണ് ഇറോട്ടിഖ് അസ്ഫിക്സിയേഷൻ അഥവാ അസ്ഫിക്സോഫീലിയ. ബ്രെത്ത് കൺട്രോൾ പ്ലേ എന്നൊരു വിളിപ്പേരും ഇതിനുണ്ട്. ലൈംഗികപങ്കാളിയുടെ സഹായത്തോടെ അല്ലാതെയോ വിവിധ തരത്തിൽ ശ്വാസം മുട്ടിക്കുന്നതു വഴി ലൈംഗികസുഖം ഉണ്ടാക്കാനാണ് ഇവർ ശ്രമിക്കുക. എന്നാൽ അപകടസാധ്യത വളരെ കൂടിയ ഈ പ്രക്രിയ വഴി വർഷം തോറും ആയിരക്കണക്കിനു പേ‍ർ മരിക്കാറുണ്ട്.

അസാധാരണവും അപകടകരവുമായ ലൈംഗികപ്രവൃത്തികളായ പാരാഫീലിയയുടെ ഗണത്തിലാണ് അസ്ഫിക്സോഫീലിയയെയും മാനസികാരോഗ്യ വിദഗ്ധ‍ർ ഉൾപ്പെടുത്തിയിട്ടുള്ളത്. ലൈംഗികസുഖത്തിനായി സ്വയം ശ്വാസം മുട്ടിക്കുന്ന സ്വഭാവത്തെ ഓട്ടോഇറോട്ടിക് അസ്ഫിക്സേഷൻ എന്നും വിളിക്കും. സ്വന്തം ശരീരത്തിലോ പങ്കാളിയെയോ വേദനിപ്പിച്ച് ലൈംഗികസുഖം നേടുന്ന സെക്ഷ്വൽ മസോക്കിസം ഡിസോർഡർ ആയി കണക്കാക്കുന്ന അസ്ഫിക്സോഫീലിയ വളരെ അപകടം പിടിച്ച പ്രവൃത്തിയാണെന്ന് യുഎസിലെ നാഷണൽ സെൻ്റ‍ർ ഫോർ ബയോടെക്നോളജി ഇൻഫർമേഷനും സാക്ഷ്യപ്പെടുത്തുന്നു.

കയറോ സഞ്ചിയോ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുന്ന ഇത്തരക്കാർ ജീവൻ അപകടത്തിലാകാതിരിക്കാനായി ചില മുൻകരുതലുകൾ സ്വീകരിക്കും. എന്നാൽ ഇവ പരാജയപ്പെട്ടാൽ ശ്വാസംമുട്ടി മരിക്കാനുള്ള സാധ്യതയേറെയാണ്. എത്ര മുൻകരുതൽ സ്വീകരിച്ചാലും അപകടകരവും അനാരോഗ്യകരവുമായ ലൈംഗികപ്രവൃത്തിയാണ് ഇതെന്നാണ് ആരോഗ്യപ്രവ‍ർത്തകർ പറയുന്നത്. ജീവൻ നഷ്ടപ്പെട്ടില്ലെങ്കിലും തലച്ചോറിലേയ്ക്കുള്ള ഓക്സിജൻ ലഭ്യത തടസ്സപ്പെടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

തലച്ചോറിലേയ്ക്കുള്ള ഓക്സിജൻ വിതരണം കുറയുമ്പോൾ പലതരത്തിലുള്ള വിചിത്രമായ തോന്നലുകൾ ഉണ്ടാകും എന്നത് വസ്തുതകയാണ്. എന്നാൽ അസ്ഫിക്സോഫീലിയ വഴി ലൈംഗികസുഖമുണ്ടാകാനുള്ള കാരണം ശ്വാസം മുട്ടുന്നതു മാത്രമല്ലെന്നാണ് ഡോ. ഇ എൽ ലോയ്ഡ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. തലച്ചോറിലും നാഡീവ്യവസ്ഥകളിലുമുള്ള ചില അപാകതകൾ മൂലമുണ്ടാകുന്ന ചില ഹോ‍ർമോൺ പ്രവർത്തനങ്ങളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് എന്ന് അദ്ദേഹം വാദിക്കുന്നു. യുഎസിൽ മാത്രം പ്രതിവർഷം 250 മുതൽ 1000 പേർ വരെ ഇത്തരത്തിൽ മരണപ്പെടുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇവരിൽ കൂടുതലും പുരുഷന്മാരാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അപകടത്തിൽപ്പെടുന്നവരിൽ ഏറെയും 30 വയസിൽ താഴെയുള്ള യുവാക്കളാണെങ്കിലും എല്ലാ പ്രായവിഭാഗത്തിൽപ്പെട്ടവരും പട്ടികയിലുണ്ട്. അസ്ഫിക്സോഫീലിയ മൂലം മരണപ്പെടുമ്പോൾ സാധാരണഗതിയിൽ ആത്മഹത്യയായി കണക്കാക്കാറില്ല. അപകടമരണമായാണ് ഇത് കണക്കാക്കുന്നത്. അപകടകരമായ ഈ ലൈംഗികപ്രവൃത്തിയ്ക്കിടയിൽ 50 പുരുഷന്മാർക്ക് ജീവൻ നഷ്ടപ്പെടുമ്പോൾ ഒരു സ്ത്രീ മാത്രമാണ് മരണപ്പെടുന്നത്. മരണകാരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്ന് ഉറപ്പിക്കാൻ വിശദമായ പരിശോധനയും അന്വേഷണവും തെളിവുശേഖരണവും ആവശ്യമായി വരും.