‘ആദ്യം പ്രിയങ്ക, പിന്നാലെ ഞാന്‍’: ഉചിതമായ സമയത്ത് പാര്‍ലമെന്റില്‍ എത്തുമെന്ന് റോബര്‍ട്ട്‌ വാദ്ര


ന്യൂഡല്‍ഹി: ശരിയായ സമയത്ത് താനും പാര്‍ലമെന്റില്‍ എത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്ര. പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴായിരുന്നു പ്രിയങ്കയെ പിന്തുടര്‍ന്ന് താനും പാർലമെന്റില്‍ എത്തുമെന്ന് അദ്ദേഹം പ്രതികരിച്ചത്.

ബിജെപിയെ ഒരു പാഠംപഠിപ്പിച്ചതില്‍ ഇന്ത്യയിലെ ജനങ്ങളോട് ഞാന്‍ നന്ദിപറയുകയാണ്. മതകേന്ദ്രിതമായ രാഷ്ട്രീയമാണ് അവര്‍ കളിച്ചത്. പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. പ്രിയങ്ക പാര്‍ലമെന്റില്‍ ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, എനിക്കുമുന്നേ പ്രിയങ്ക പാര്‍ലമെന്റില്‍ എത്തണം. അനുയോജ്യമായ സമയത്ത് ഞാനും പാര്‍ലമെന്റില്‍ എത്തും, റോബര്‍ട്ട് വാദ്ര പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും മത്സരിക്കാനുള്ള താല്‍പര്യം വാദ്ര പ്രകടിപ്പിച്ചിരുന്നു. താന്‍ അമേത്തിയില്‍ മത്സരിക്കണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആവശ്യം ഉയരുന്നുണ്ടെന്ന് വാദ്ര അവകാശപ്പെട്ടിരുന്നു.

വയനാട്ടിലും റായ്ബറേലിയിലും വിജയിച്ചതോടെ രാഹുല്‍ ഗാന്ധിക്ക് ഒരു മണ്ഡലത്തില്‍ നിന്ന് രാജിവെക്കേണ്ടതുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ തുടരാന്‍ തീരുമാനിച്ചതോടെയാണ് വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിന് വഴിയൊരുങ്ങിയത്.