കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരും. അതേസമയം ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി മുകുന്ദൻ. സിദ്ദിഖിന്റെ പിൻഗാമിയായിട്ടാണ് ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേയ്ക്ക് എത്തുന്നത്.
രമേഷ് പിഷാരടി, റോണി ഡേവിഡ്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, വിനു മോഹൻ, അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ എന്നിവർ പതിനൊന്ന് അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നാമനിർദേശപത്രിക നൽകിയിട്ടുണ്ട്.
നേരത്തെ ‘അമ്മ’യുടെ പ്രസിഡന്റായി എതിരില്ലാതെ നടൻ മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചൊവ്വാഴ്ചയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. മറ്റു സ്ഥാനാർഥികൾ ഇല്ലാതിരുന്നതിനാൽ എതിരില്ലാതെ മോഹൻലാൽ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.