ചരിത്രത്തിലാദ്യമായി 79,000 പിന്നിട്ട് സെന്‍സെക്‌സ്, നിഫ്റ്റി 24,000നരികെ


നാലാമത്തെ ദിവസവും നേട്ടമുണ്ടാക്കിയതോടെ റെക്കോഡ് ഉയരം കുറിച്ച് സെന്‍സെക്‌സ്. ചരിത്രത്തിലാദ്യമായി ബിഎസ്ഇ സെന്‍സെക്‌സ് 79,000 പിന്നിട്ടു. നിഫ്റ്റിയാകട്ടെ 24,000 നിലവാരത്തിന് അടുത്തെത്തുകയും ചെയ്തു.

വന്‍കിട ഓഹരികളിലെ മുന്നേറ്റമാണ് സൂചികകള്‍ക്ക് ഉണര്‍വായത്.ഇന്ത്യാ സിമെന്റ്‌സിന്റെ 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയതോടെ അള്‍ട്രടെക് സിമെന്റിന്റെ ഓഹരി വില നാല് ശതമാനം കുതിച്ചു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളാണ് നിഫ്റ്റിയുടെ മുന്നേറ്റത്തിന് പിന്നില്‍. മിഡ്, സ്‌മോള്‍ ക്യാപ് സൂചികകളിലും സമാനമായ മുന്നേറ്റം പ്രകടമാണ്. സെക്ടറല്‍ സൂചികകളിലാകട്ടെ ബാങ്ക്, എഫ്എംസിജി, മെറ്റല്‍, ഫാര്‍മ തുടങ്ങിയവയാണ് നേട്ടത്തില്‍ മുന്നില്‍.