കൊച്ചി: ഗുരുദേവ കോളേജിലെ എസ്എഫ്ഐ സംഘർഷത്തിൽ പ്രിൻസിപ്പാളിനും വിദ്യാർത്ഥികൾക്കും പോലീസ് സംരക്ഷണം നൽകും. പ്രിൻസിപ്പാളിനും വിദ്യാർത്ഥികൾക്കും സംരക്ഷണമൊരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ക്യാമ്പസിനകത്തും പുറത്തും ക്രമസമാധാനം ഉറപ്പാക്കാനും കോടതി പൊലീസിന് നിർദ്ദേശം നൽകി. കോളേജ് പ്രിൻസിപ്പലിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എസ്എഫ്ഐ നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു.
കോളേജില്‍ എസ്എഫ്‌ഐ ഹെല്‍പ് ഡസ്‌ക് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രിന്‍സിപ്പലിനെ കൈയേറ്റം ചെയ്യുന്നതിലേക്കും സംഘർഷത്തിലേക്കുമെത്തിയത്. പുറത്ത് നിന്ന് എസ്എഫ്‌ഐ നേതാക്കള്‍ കോളേജില്‍ എത്തിയെന്നും ഇവര്‍ മര്‍ദിച്ചതെന്നുമാണ് പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌കറിന്റെ ആരോപണം. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
ഇതിനിടെ തങ്ങളുടെ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ രണ്ടുകാലില്‍ കോളേജില്‍ കയറില്ലെന്ന് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി നവതേജ് ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്യാനുള്ള കഴിവ് എസ്എഫ്‌ഐക്കുണ്ട്. അധികാരികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഈ അധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്എഫ്‌ഐക്ക് അറിയാം. ഇപ്പോള്‍ സംയമനം പാലിക്കുകയാണെന്നും നവതേജ് പറഞ്ഞിരുന്നു. പ്രിന്‍സിപ്പലിനെ അടിച്ചു ആശുപത്രിയില്‍ ആക്കാന്‍ തീരുമാനിച്ചിട്ടില്ല അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കില്‍ അതും ചെയ്യുമെന്നും നവതേജ് പ്രസംഗത്തിൽ പറഞ്ഞിരുന്നു.