കൊച്ചി: ആലുവ പൊലീസ് അന്വേഷിക്കുന്ന അവയവക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തു. അവയവ മാഫിയയിൽ മുഖ്യപങ്കാളിയായ കൊച്ചി സ്വദേശി മധു ഇറാനിലാണ്. കേസ് എൻഐഎ ഏറ്റെടുക്കുന്നതോടെ അന്വേഷണം ഇറാൻ കേന്ദ്രീകരിച്ച് നടക്കും. മധുവിനെ പിടികൂടാൻ പല സാങ്കേതിക കാരണങ്ങളാലും കേരള പൊലീസിന് സാധിച്ചില്ല.
രാജ്യാന്തര തലത്തിൽ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലിലാണ് കേസ് എൻഐഎ കൊച്ചി യൂണിറ്റ് ഏറ്റെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നിന്ന് അനുമതി കിട്ടിയതോടെ കൊച്ചിയിലെ എൻഐഎ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കി. നിലവിൽ ആലുവ റൂറൽ പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മെയ് 19നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അവയവ കടത്ത് കേസിലെ മുഖ്യസൂത്രധാരൻ തൃശൂർ സ്വദേശി സാബിത്ത് നാസർ അറസ്റ്റിലാകുന്നത്. ഇയാൾക്കൊപ്പം അവയവ മാഫിയയിൽ മുഖ്യപങ്കാളികളായ കൊച്ചി സ്വദേശി സജിത്ത്, ഹൈദരാബാദ് സ്വദേശി ബെല്ലം കൊണ്ട രാമപ്രസാദ് എന്നിവരെ അന്വേഷണ സംഘം പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
ഇറാനിലുള്ള കൊച്ചി സ്വദേശി മധുവിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം നീണ്ടു പോകുകയാണ്. കേസ് എൻഐഎ ഏറ്റെടുക്കുന്നതോടെ ഇറാൻ കേന്ദ്രീകരിച്ച് അന്വേഷണം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.