പഞ്ചാബിൽ ശിവസേനാ നേതാവിനെ പട്ടാപ്പകൽ നടുറോഡിൽ വെച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
അമൃത്സർ: പഞ്ചാബിൽ ശിവസേനാ നേതാവിനെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. പഞ്ചാബിലെ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിനെയാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് മൂന്നംഗ സംഘം ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സന്ദീപിനെ ദയാനന്ദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തെന്നും മൂന്നാമനായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് വിവരം. ലുധിയാനയിലെ തിരക്കേറിയ തെരുവിൽ വച്ചായിരുന്നു ആക്രമണം. സ്കൂട്ടറിലെത്തിയ നേതാവിന് അരികിലെത്തിയ അക്രമികൾ വാൾ വീശുകയായിരുന്നു. ആക്രമണത്തിൽ തലയ്ക്കും കൈയ്ക്കുമാണ് ഗുരുതരമായി വെട്ടേറ്റത്.
സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ സന്ദീപിന് ഗൺമാനെ നൽകിയിരുന്നു. എന്നാൽ ആക്രമണത്തെത്തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. ഇയാളെ സസ്പെൻഡ് ചെയ്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു.