ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിശബ്ദകൊലയാളി, ഭക്ഷണംമുതല്‍ ജീവിതശൈലി വരെ മാറണം: മാര്‍ഗനിര്‍ദേശങ്ങളുമായി സിഎസ്‌ഐ


ഇന്ന് ഷുഗറും പ്രഷറും കൊളസ്‌ട്രോളുമൊക്കെ സാധാരണ രോഗങ്ങളാണ്. മാറിയ ഭക്ഷണരീതിയും ജീവിതശൈലിയുമൊക്കെ ഇത്തരം രോഗികളുടെ നിരക്ക് വര്‍ധിപ്പിക്കുകയാണ്.

ഇപ്പോഴിതാ ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആദ്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുള്‍പ്പെടെയുള്ള ലോകത്തെ എല്ലാ ഹൃദ്രോഗവിദഗ്ധരും ഇതുവരെ യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി പുറത്തിറക്കിയ 2019-ലെ മാര്‍ഗനിര്‍ദേശങ്ങളാണ് പിന്തുടര്‍ന്നിരുന്നത്. ഇതിനാണ് ഇപ്പോള്‍ മാറ്റംവന്നിരിക്കുന്നത്.

ഹൃദയാഘാതങ്ങള്‍ പരമാവധി തടയുക എന്നതിന്റെ ഭാഗമായാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഹൃദയാഘാതങ്ങളിലേറെയും പ്രതിരോധിക്കാവുന്നതാണ്. കാര്‍ഡിയോളജിക് സൊസൈറ്റി ഓഫ് ഇന്ത്യ(CSI) യാണ് ജൂലൈ നാലിന് ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില നിയന്ത്രിക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

രക്തത്തില്‍ അസാധാരണമായ തോതില്‍ ലിപിഡ്‌സ് അഥവാ കൊഴുപ്പ് കാണപ്പെടുന്ന അവസ്ഥയാണ് ഡിസ്ലിപിഡിമിയ. ഡിസ്ലിപിഡിമിയ എന്ന അവസ്ഥയില്‍ എല്‍.ഡി.എല്‍. കൊളസ്‌ട്രോള്‍(ചീത്ത കൊളസ്‌ട്രോള്‍) കൂടുക, ഉയര്‍ന്ന ട്രൈഗ്ലിസറൈഡ്‌സ്, കുറഞ്ഞ എച്ച്.ഡി.എല്‍. കൊളസ്‌ട്രോള്‍( നല്ല കൊളസ്‌ട്രോള്‍) തുടങ്ങിയവയുമുണ്ടാകും. ലക്ഷണങ്ങള്‍ ഇല്ലാത്തതുകൊണ്ടുതന്നെ നിശബ്ദ കൊലയാളി എന്നാണ് ഡിസ്ലിപിഡെമിയ അറിയപ്പെടുന്നത്. കൊളസ്‌ട്രോള്‍ നില കൂടുന്നത് ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങി പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ഭക്ഷണരീതി, വ്യായാമം, മരുന്ന് തുടങ്ങിയവയിലൂടെ ഇത് നിയന്ത്രിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.

രക്തപരിശോധനയിലൂടെയാണ് കൊളസ്‌ട്രോള്‍ നില പരിശോധിക്കുന്നത്. ഇതുവരെയുള്ള നിര്‍ദേശപ്രകാരം എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ നില 100 mg/DL(milligrams of sugar per decilitre) ആണ് ഉണ്ടാവേണ്ടത്. എന്നാല്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ കൂടുകയും കോവിഡിനുശേഷം ഹൃദ്രോഗികള്‍ കൂടുകയും ചെയ്ത പശ്ചാത്തലത്തിലാണ് രാജ്യത്തെ ഹൃദ്രോഗവിദഗ്ധര്‍ വിഷയത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.